പെഗാസസ്: എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ് ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ളതെന്ന് ഹരജിയില്‍ ആരോപിച്ചു.

Update: 2021-07-22 14:55 GMT

ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് ഹരജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെയും എതിര്‍കക്ഷിയാക്കിയാണ് ഹരജി.

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണ് ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ളതെന്ന് ഹരജിയില്‍ ആരോപിച്ചു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രതിപക്ഷ നേതാക്കള്‍, മനുഷ്യാവാകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയവരെ കണ്ടെത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

പെഗാസസ് ഉപയോഗിച്ചുള്ള വിവരം ചോർത്തൽ ഗുരുതരമായ ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഇന്ത്യന്‍ ജനാധിപത്യം, നിയമവ്യവസ്ഥ, രാജ്യ സുരക്ഷ എന്നിവയിന്മേലുള്ള ആക്രമണമാണെന്നും ഹരജിയില്‍ പറയുന്നു. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ശര്‍മ സിബിഐയെ സമീപിച്ചിരുന്നു.


Similar News