പെരിയ ഇരട്ടക്കൊല; സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ സിബിഐ റെയ്ഡ്

കൊലപാതകം നടത്തിയ ശേഷം നാലു പ്രതികൾ ഏരിയ കമ്മിറ്റി ഓഫിസിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

Update: 2021-02-06 16:40 GMT

കാസർകോട്: പെരിയയിലെ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ഊർജിതമാക്കി. കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ റെയ്ഡ് നടത്തി. കാസർകോട് ചട്ടഞ്ചാലിലുള്ള ഉദുമ എരിയ കമ്മറ്റി ഒഫീസിലാണ് പരിശോധന നടത്തിയത്‌.

കൊലപാതകം നടത്തിയ ശേഷം നാലു പ്രതികൾ ഏരിയ കമ്മിറ്റി ഓഫിസിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഏരിയാ ഓഫിസ് സെക്രട്ടറിയിൽ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും മുൻ ഏരിയാ സെക്രട്ടറിയുമായ കെ മണികണ്ഠനിൽ നിന്നും സിബിഐ സംഘം മൊഴിയെടുത്തു.

കേസിലെ പതിനാലാം പ്രതിയാണ് മണികണ്ഠൻ. കൊലപാതകം നടന്ന ദിവസം പ്രതികൾ ധരിച്ചിരുന്ന വസ്ത്രം കത്തിച്ച സ്ഥലത്തും സംഘം പരിശോധന നടത്തി. കൂടാതെ, മറ്റ് രണ്ട് പാർട്ടി ഓഫീസുകളിലും പരിശോധന നടത്തിയതായാണ് വിവരം. സിബിഐയുടെ തിരുവനന്തപുരം യൂനിറ്റാണ് അന്വേഷണം നടത്തുന്നത്.