ഇവിഎം-തപാല്‍ വോട്ടുകള്‍ പ്രകാരം കേരളത്തില്‍ 79.63% പോളിംഗ്; അന്തിമ കണക്ക് മാറുമെന്ന് കേല്‍ക്കര്‍

Update: 2026-04-13 13:17 GMT

തിരുവനന്തപുരം: ഇവിഎം, തപാല്‍, ഹോം വോട്ടുകള്‍ ചേര്‍ത്ത് കേരളത്തില്‍ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍. അടിയന്തരമായി കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. ഇതില്‍ പ്രതികരിച്ചാണ്കേല്‍ക്കര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പ്രിസൈഡിങ്ങ് ഓഫീസര്‍ രേഖപ്പെടുത്തിയ കണക്കാണിത്. എന്നാല്‍ സര്‍വീസ് വോട്ടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. അന്തിമ കണക്ക് മാറുമെന്നും രത്തന്‍ യു കേല്‍ക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇവിഎമ്മിലെ വോട്ടുകണക്ക് 78.27 ശതമാനമാണ്. തപാല്‍ വോട്ടിന്റെ ശതമാനകണക്ക് 1.36. രണ്ടുംകൂടി ചേരുമ്പോള്‍ പോളിങ് 79.63 ശതമാനമാകും. 53984 സര്‍വീസ് വോട്ടുകളില്‍ എത്രയെണ്ണം പോള്‍ ചെയ്തുവെന്നത് കൂടി ചേര്‍ത്തേ അന്തിമ കണക്കാകൂ. അന്തിമ കണക്ക് വന്നതിന് ശേഷം ഇന്‍ഡക്‌സ് കാര്‍ഡ് ഇറക്കും. അതേസമയം തപാല്‍ വോട്ട് ഇന്നലെ വരെ മുതിര്‍ന്ന പൗരന്‍മാര്‍ 96.3 ശതമാനവും, ഭിന്നശേഷിക്കാര്‍ 97.71 ശതമാനവും, ആവശ്യ സര്‍വീസ് 94.24 ശതമാനവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ 96.37 ശതമാനവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാര്‍ 75.19 ശതമാനവും, സ്ത്രീകള്‍ 81.19 ശതമാനവും, ട്രാന്‍സ് ജെന്‍ഡര്‍ 56.04 ശതമാനവും വോട്ട് രേഖപ്പെടുത്തി.

അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തില്‍ രത്തന്‍ യു കേല്‍ക്കര്‍ പ്രതികരിച്ചു. കൃത്യതയ്ക്ക് വേണ്ടിയാണ് തപാല്‍ വോട്ടുകളുടെ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ സമയമെടുത്തത്. സാധാരണ വൈകല്‍ മാത്രമാണ് ഉണ്ടായത്. 3 ദിവസം മാത്രമാണ് എടുത്തതെന്നും, എല്ലാ ഘട്ടങ്ങളിലും പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ടെന്നും രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. ഒരു ആശയക്കുഴപ്പവും വേണ്ട, എല്ലാം സുതാര്യമാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ബൂത്തിലെ കണക്കുണ്ട്. തപാല്‍ വോട്ട് എടുത്തതും പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. സ്‌ട്രോങ് റൂമിലെ വെബ് കാസ്റ്റിങ് എല്ലാ പാര്‍ട്ടികള്‍ക്കും കാണാന്‍ അവസരമൊരുക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന് പരാതിയുണ്ടെങ്കില്‍ നിയമ നടപടി സ്വീകരിക്കാം. ആര്‍ ഒ മാര്‍ക്ക് പരാതി കൊടുക്കണം. കമ്മീഷന്‍ ആരുടെയും വോട്ട് നിഷേധിച്ചിട്ടില്ല. എസ്‌ഐആര്‍ നടത്തിയതിന്റെ ഗുണം ഉണ്ടാകുമെന്നും രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

Tags: