കെ റെയിൽ സർവ്വേക്കുറ്റിക്ക് കരിങ്കൊടി കെട്ടി പയ്യന്നൂരിൽ ജനങ്ങളുടെ പ്രതിഷേധം

സംസ്ഥാനത്ത് ആദ്യമായി കെ റെയിൽ സാമൂഹികാഘാത പഠനം നടക്കുന്ന പയ്യന്നൂർ ന​ഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിലാണ് പ്രതിഷേധം നടന്നത്.

Update: 2022-01-24 11:58 GMT

പയ്യന്നൂർ: കെ റെയിൽ പദ്ധതിക്കെതിരേ ജനങ്ങൾ പയ്യന്നൂർ കാനത്ത് സർവ്വേക്കല്ലിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. കെ റെയിൽ സാമൂഹികാഘാത പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. കെ റെയിൽ സിൽവർ ലൈൻ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കാനത്തെ ശ്രീ.എറക്കളവൻ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ആദ്യമായി കെ റെയിൽ സാമൂഹികാഘാത പഠനം നടക്കുന്ന പയ്യന്നൂർ ന​ഗരസഭയിലെ ഇരുപത്തഞ്ചാം വാർഡിലാണ് പ്രതിഷേധം നടന്നത്. കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെതിരേ പയ്യന്നൂർ പോലിസ് സമരസമിതി പ്രവർത്തകർക്ക് നോട്ടിസ് നൽകിയിരുന്നു.

അതേസമയം വൻ പോലിസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രദേശത്ത് കെ റെയിൽ സാമൂഹികാഘാത പഠനസംഘം സർവേക്കായി എത്തിയത്. കെ റെയിലിനായി സ്ഥലമേറ്റെടുക്കുന്നതിൽ സിപിഎമ്മിന് ശക്തമായ സ്വാധീനം ഉള്ള ന​ഗരസഭയായ പയ്യന്നൂരിൽ നിന്നാണ് സാമൂഹികാഘാത പഠനം തുടങ്ങിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

പ്രതിഷേധത്തിന് സമരസമിതി കൺവീനർ വി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സമര പ്രവർത്തക കിഴക്കെ വീട്ടിൽ യശോദമ്മ, എ പി നാരായണൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ കെ ഫൽഗുനൻ , ടി വി നാരായണൻ , സി വി ബാലൻ, ഡേവിഡ് പി വൈ, വാസുദേവൻ നമ്പൂതിരി, ടി വി രഘു , പ്രീതി കെ വി, സഹജൻ ടി ടി, രതീഷ് ബാബു ആർ, ജനാർദ്ദനൻ കുറുവാട്ടിൽ, പിലാക്കൽ അശോകൻ, ടി എസ് ശ്രീധരനുണ്ണി, അപ്പുക്കുട്ടൻ കാരയിൽ എന്നിവർ സംസാരിച്ചു. 

Similar News