ഇപിഎഫ് യോഗം: മിനിമം പെൻഷൻ വർധിപ്പിച്ചേക്കും
ഏഴ് മാസത്തിനുശേഷം നടക്കുന്ന യോഗത്തിൽ മിനിമം പെൻഷൻ വർധനവാണ് പ്രധാന അജണ്ട.
ന്യൂഡൽഹി: മിനിമം പെൻഷൻ വർധന, 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് നിശ്ചയിക്കൽ, നിക്ഷേപ പദ്ധതികളുടെ വിപുലീകരണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഉന്നതാധികാര സമതി നവംബർ 20ന് യോഗംചേരും.
ഏഴ് മാസത്തിനുശേഷം നടക്കുന്ന യോഗത്തിൽ മിനിമം പെൻഷൻ വർധനവാണ് പ്രധാന അജണ്ട. 1000 രൂപയിൽനിന്ന് 6,000 രൂപയായി ഉയർത്തണമെന്നാണ് ട്രേഡ് യൂനിയനുകളുടെ ആവശ്യം. അതേസമയം, 3000 രൂപയായി ഉയർത്തിയേക്കുമെന്നാണ് സൂചന. 1000 രൂപയിൽ നിന്ന് 3000 രൂപയായി ഉയർത്താൻ പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി നേരത്തെ ശുപാർശചെയ്തിരുന്നു.
2021 സാമ്പത്തിക വർഷത്തെ പലിശനിരക്കുതന്നെ നിശ്ചിയിക്കാനാണ് സാധ്യത. 2020 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനത്തിൽ നിന്ന് കഴിഞ്ഞവർഷം 8.5 ശതമാനമായി കുറച്ചിരുന്നു. നിലവിൽ ഏഴുവർഷത്തെ താഴ്ന്ന നിരക്കാണ് നൽകുന്നത്. ലഘുസമ്പാദ്യ പദ്ധതി ഉൾപ്പടെയുള്ള സ്ഥിര നിക്ഷേ പദ്ധതിയേക്കാൾ പലിശ നിലവിൽ ഇപിഎഫ് നൽകുന്നുണ്ട്.