പെഗസസ് ഫോൺ ചോർത്തൽ: ഇസ്രായേൽ കമ്പനിക്കെതിരേ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി തമിഴ്നാട് എംപി
സുപ്രിംകോടതി ജഡ്ജിയെയും സുപ്രിംകോടതി രജിസ്ട്രി ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചത് കോടതി അലക്ഷ്യമാണെന്നും ഇതിന്മേൽ നടപടി വേണമെന്നുമാണ് ഹരജിയിലെ ആവശ്യം
ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ എൻഎസ്ഒ കമ്പനിക്കെതിരേ കോടതി അലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന്റെ അനുമതി തേടി തമിഴ്നാട്ടിൽ നിന്നുള്ള എം പി തിരുമാവലൻ. സുപ്രിംകോടതി ജഡ്ജിയെയും സുപ്രിംകോടതി രജിസ്ട്രി ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചത് കോടതി അലക്ഷ്യമാണെന്നും ഇതിന്മേൽ നടപടി വേണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഇസ്രായേൽ കമ്പനിയായ എൻഎസ്ഒ ആണ് ചാരസോഫ്റ്റ് വെയറായ പെഗാസെസ് നിർമ്മിച്ചത്. ഹാക്ക് ചെയുന്ന ഡിവൈസുകളിൽ ഒരു തരത്തിലും സാന്നിധ്യം അറിയിക്കില്ല എന്നതും ഇരയാക്കപ്പെടുന്ന ആൾക്ക് ഹാക്ക് ചെയ്തതിന്റെ സൂചനകൾ ഒന്നും ലഭിക്കില്ല എന്നതുമാണ് പെഗസസിൻ്റെ ഏറ്റവും വലിയ പ്രത്യേകത. തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്ന് കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു.
ഫേസ്ബുക്കും വാട്സാപ്പും ആപ്പിളുമെല്ലാം പെഗസസ് ആക്രമണത്തിനിരയായിട്ടുണ്ട്. ടാർഗറ്റ് ചെയ്യപെടുന്ന ഫോണിന്റെ / ഡിവൈസിന്റെ എല്ലാ പ്രവർത്തനവും പെഗാസസ് ചോർത്തും, ഫോൺ വിളികളും മെസ്സേജുകളും ഫയലുകളും, ബ്രൗസിങ് ഡാറ്റയും വരെ ചോർത്താൻ കെല്പുണ്ട് എന്നാണ് റിപോർട്ടുകൾ.