കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കി കുവൈത്ത്; അടുത്തമാസം മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ പിസിആര്‍ പരിശോധന വേണ്ട
കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി കുവൈത്ത്. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്‌ക് നിര്‍ബന്ധമില്ല. വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷനോ പിസിആര്‍ പരിശോധനയോ ആവശ്യമില്ല. ക്വാറന്റൈന്‍ നിബന്ധനകളും നീക്കി. സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ പൂര്‍ണതോതില്‍ പ്രവേശനം അനുവദിക്കും. രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലാണ് ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 2022 മെയ് ഒന്ന് മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്.
വാക്‌സിനെടുത്താലും ഇല്ലെങ്കിലും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ പോലും ക്വാറന്റൈന്‍ ആവശ്യമില്ല. രോഗലക്ഷണമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ട്. കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്കും കളിക്കളങ്ങളില്‍ പ്രവേശിക്കാം. കുവൈത്തില്‍ ഇപ്പോള്‍ കൊവിഡ് ബാധിച്ച് ഒരാള്‍ പോലും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലില്ല. പ്രതിദിനം അമ്പതോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്തി അതിനേക്കാള്‍ കൂടുതലാണ്. ഏഴ് പേര്‍ മാത്രമേ ആകെ ചികില്‍സയിലുള്ളൂ. ഇതില്‍ ആര്‍ക്കും ഗുരുതരാവസ്ഥയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
