സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

Update: 2023-01-08 05:28 GMT

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാൻ ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി.

കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇറച്ചിയും മീനും വിളമ്പാന്‍ കലോത്സവ മാനുവല്‍ പരിഷ്കരിക്കുമെന്നും ശിവന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നോണ്‍വെജ് വിളമ്പാമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ‍ർക്കാരാണെന്നും പഴയിടം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.