പാവറട്ടി എക്‌സൈസ് കസ്റ്റഡി മരണം: യുവാവിന്റെ ശരീരത്തില്‍ 12ലേറെ ക്ഷതങ്ങള്‍

Update: 2019-10-03 13:27 GMT

തൃശൂര്‍: പാവറട്ടിയില്‍ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവ് മരണപ്പെട്ട സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മലപ്പുറം തിരൂര്‍ സ്വദേശി രഞ്ജിത്ത് കുമാറാ(35)ണ് എക്‌സൈസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. രഞ്ജിത്ത് കുമാറിന്റെ ശരീരത്തില്‍ 12ലേറെ ക്ഷതങ്ങളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടിലുണ്ടെന്നാണു സൂചന. കഴുത്തിനു പിന്നിലും മുതുകിലുമായാണ് മുറിവുകളുള്ളത്. തലയ്ക്കുപിന്നിലേറ്റ മര്‍ദനമാണ് മരണകാരണമെന്നും സൂചിപ്പിക്കുന്നുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവരും.

    രണ്ടുകിലോ കഞ്ചാവ് കൈവശംവച്ചെന്ന് ആരോപിച്ചാണ് എക്‌സൈസ് സ്‌ക്വാഡ് രഞ്ജിത്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നതിനിടെയാണ് സംഭവം. രഞ്ജിത്ത് വാഹനത്തില്‍വച്ച് അപസ്മാര ലക്ഷണം കാണിച്ചപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെന്നും ഇതിനിടെ മരണപ്പെട്ടെന്നുമാണ് എക്‌സൈസ് സംഘം പറയുന്നത്. ഇതുസംബന്ധിച്ച് എക്‌സൈസ് പാവറട്ടി പോലിസിന് റിപോര്‍ട്ടും നല്‍കിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.



Tags: