യുപിയില്‍ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

Update: 2021-07-30 18:05 GMT

ലഖ്‌നോ: യുപിയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ പകുതി ഭക്ഷിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിജില്ലയിലെ മൈഗല്‍ഗഞ്ച് പ്രദേശത്താണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ കാണാതായ പെണ്‍കുട്ടിയെയാണ് 200 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പല മൃഗങ്ങള്‍ ഭക്ഷിച്ചതായാണ് സൂചന. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങള്‍ മിക്കതും മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.

    അതേസമയം, നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന രാംലീല ഗ്രൗണ്ടിലെ വീട്ടില്‍ നിന്നു മൂന്ന് വയസ്സുകാരിയുടെ മൃതദേഹം എങ്ങനെ കുറ്റിക്കാട്ടിലെത്തിച്ചു എന്നകാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സമീര്‍ കുമാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറുക്കന്റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കുറുക്കന്മാര്‍ ഇത്തരത്തില്‍ ആക്രമിക്കില്ലെന്നാണുമാണ് വനംവകുപ്പ് അധികൃതരുടെ വാദം. സംഭവ സ്ഥലത്ത് വനം വകുപ്പ് രണ്ട് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുട്ടിയെ ആക്രമിച്ച മൃഗം ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. പ്രദേശവാസികളായ ഗോത്രവര്‍ഗക്കാരോട് അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ വീട്ടിനു പുറത്തിറക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Partially eaten remains of 3-year-old recovered

Tags: