തടവുകാരുടെ കൊവിഡ് പരോൾ: ജയിലിൽ പണിയെടുക്കാൻ ആളില്ല, വ്യവസായ യൂനിറ്റുകൾക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് കേരളം
തടവ് പുള്ളികളുടെ പരോള്‍ നീട്ടി നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് തടവ് പുള്ളികള്‍ പരോളില്‍ പോയതിനാല്‍ ജയിലുകളിലെ വ്യവസായ യൂനിറ്റുകളില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവ് ഉള്ളതായി സംസ്ഥാന സര്‍ക്കാര്‍. തടവ് പുള്ളികള്‍ പരോളില്‍ ആയതിനാല്‍ ജയിലുകളിലെ പല യൂനിറ്റുകളിലും തൊഴില്‍ ചെയ്യാന്‍ ആളില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രിംകോടതിയില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തടവ് പുള്ളികളുടെ പരോള്‍ നീട്ടി നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സുബാഷാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
നെട്ടുകാല്‍ത്തേരി തുറന്ന ജയിലെ മുന്നൂറാളം തടവ് പുള്ളികളില്‍ 30 പേരൊഴികെ മറ്റുള്ളവര്‍ പരോളില്‍ ആണ്. 2019 -20 ല്‍ ഈ ജയിലില്‍ നിന്നുള്ള വരുമാനം 6022788 രൂപ ആയിരുന്നു. എന്നാല്‍ കേവലം പത്ത് ശതമാനം തടവ് പുള്ളികള്‍ മാത്രം ഉണ്ടായിരുന്ന 2020- 21 ല്‍ ജയിലില്‍ നിന്നുള്ള വരുമാനം 2433400 രൂപയായി ഇടിഞ്ഞു. ഇതേ കാലയളവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ വരുമാനം 15514393 ല്‍ നിന്ന് 7737635 ആയി ഇടിഞ്ഞു.
79 ശതമാനം തടവുപുള്ളികളും പരോളില്‍ പോയ കാസര്‍കോട് ചീമേനി ജയിലില്‍ നിന്നുള്ള വരുമാനം 5031550 ല്‍ നിന്ന് കേവലം 61713 ആയി കുറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വരുമാനം 10729264 ല്‍ നിന്ന് 4364397 കുറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും ഏതാണ്ട് ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. തിരുവനന്തപുരം വനിത ജയിലിലെ വ്യവസായ യൂനിറ്റിലെ വരുമാനം 554962 നിന്ന് 136862 ആയി കുറഞ്ഞതായും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഭക്ഷണ നിര്‍മ്മാണം, കഫറ്റേരിയ, സലൂണ്‍, റബ്ബര്‍ ടാപ്പിങ്, പെട്രോള്‍ പമ്പ്, എന്നീ യൂനിറ്റുകളാണ് കേരളത്തിലെ ജയിലുകളില്‍ ഉള്ളത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിച്ച തടവ്പുള്ളികള്‍ക്ക് ഒക്ടോബര്‍ 31 വരെ സുപ്രിംകോടതി പരോള്‍ നീട്ടി നല്‍കിയിരുന്നു.
എന്നാല്‍ കേരളത്തില്‍ നിലവിൽ കൊവിഡ് നിയന്ത്രണവിധേയമായെന്നും അതിനാല്‍ തടവ് കാര്‍ക്ക് ഇനി പരോള്‍ നീട്ടി നല്‍കരുത് എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. സ്‌കൂളുകള്‍, കോളജുകള്‍, തീയേറ്ററുകള്‍ എന്നിവ തുറന്നതായും, ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാല്‍ തടവ് പുള്ളികളോട് ജയിലുകളിലേക്ക് മടങ്ങാന്‍ നിർദേശിക്കണം എന്നും കേരളം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

