ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുല്‍വാമ ആക്രമണവും ഇപ്പോഴത്തെ ഇന്ത്യന്‍ തിരിച്ചടിയുമൊക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്രമത്തെ ബാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2019-02-27 02:12 GMT

ന്യൂഡല്‍ഹി: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുല്‍വാമ ആക്രമണവും ഇപ്പോഴത്തെ ഇന്ത്യന്‍ തിരിച്ചടിയുമൊക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ക്രമത്തെ ബാധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ ഇക്കാര്യം വ്യക്തമാക്കിയത്. പുല്‍വാമ മുതലുള്ള സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് നടത്തുക എന്നത് ഭരണഘടനാപരമായ തങ്ങളുടെ ബാധ്യതയാണ്. അത് നിറവേറ്റാതിരിക്കാനാവില്ല.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപ്പാര്‍ട്ടികള്‍, പോലിസ് ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, നോഡല്‍ ഏജന്‍സികളുടെ തലവന്‍മാര്‍, റെയില്‍വേ, പോസ്റ്റല്‍ അധികാരികള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പരസ്യങ്ങള്‍ക്കും പെയ്ഡ് വാര്‍ത്തകള്‍ക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും കമ്മീഷന്‍ ആലോചിക്കുന്നുണ്ടെന്നും ലവാസ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ നിശബ്ദപ്രചാരണ വേളകളിലാണ് പെയ്ഡ് വാര്‍ത്തകളുടെ എണ്ണം പെരുകുന്നത്. ഇതിനെതിരേ കമ്മീഷന്‍ നടപടിയെടുക്കും. വോട്ടെടുപ്പ് ദിവസം പത്രങ്ങളില്‍ രാഷ്ട്രീയപരസ്യങ്ങള്‍ നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത് കമ്മീഷന്റെ പരിഗണനയിലാണെന്നും ലവാസ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News