വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ പ്രണയിച്ചതിന് മാതാപിതാക്കള്‍ മകളെ കൊന്ന് ഗംഗയിലെറിഞ്ഞു
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ധിരേണ് മണ്ഡലിനെയും മാതാവ് സുമതി മണ്ഡലിനെയും പോലിസ് അറസ്റ്റുചെയ്തു. ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
കൊല്‍ക്കത്ത: ദുരഭിമാനത്തിന്റെ പേരില്‍ ബംഗാളില്‍ മാതാപിതാക്കള്‍ മകളെ ക്രൂരമായി കൊലപ്പെടുത്തി. യുവാവിനെ പ്രണയിച്ചതിന് 16 കാരിയായ മകള്‍ അചിന്ത്യ മണ്ഡലിനെയാണ് മാതാപിതാക്കള്‍ കൊന്ന് ചാക്കില്‍കെട്ടി മൃതദേഹം ഗംഗാനദിയില്‍ തള്ളിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ധിരേണ് മണ്ഡലിനെയും മാതാവ് സുമതി മണ്ഡലിനെയും പോലിസ് അറസ്റ്റുചെയ്തു. ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അചിന്ത്യ മണ്ഡല് വീടിനടുത്തുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
പ്രണയത്തില്‍നിന്ന് പിന്മാറാന് തയ്യാറാവാതെ വന്നതോടെ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. സംഭവമറിഞ്ഞ് പോലിസുകാര്‍ വീട്ടിലെത്തി മാതാപിതാക്കളെ അറസ്റ്റുചെയ്യുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍പ്രകാരം ഇവര്‍ക്കെതിരേ സ്വമേധയാ കേസെടുത്തതായി മാല്‍ഡാ എസ്പി അലോക് റജോറിയ അറിയിച്ചു. മാര്‍ഡയിലെ ഗംഗാനദിയില്‍നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ ശ്രമം പുരോഗമിക്കുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.