അണ്‍ലോക് 5: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കി കേന്ദ്രം
കുട്ടികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സ്‌കൂളുകളില്‍ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്.
ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകളുകളും കോളജുകളും തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്.
സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാര്‍ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സ്‌കൂളുകള്‍ തുറക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കുട്ടികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സ്‌കൂളുകളില്‍ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം, സ്‌കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്കു മാതാപിതാക്കളുടെ സമ്മതപത്രം വേണം, തിരക്കൊഴിവാക്കാന്‍ കഴിയുന്നവിധം ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം, വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മാസ്‌ക് ധരിക്കണം, കണ്ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരേണ്ടതില്ല, സ്‌കൂളുകളില്‍ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത് തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മസേനകള്‍ ഉണ്ടാവണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.
സ്‌കൂളിലോ തൊട്ടടുത്തോ പ്രവര്‍ത്തി സമയത്ത് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നാല്‍ അതിന് വേണ്ട സൗകര്യം ഒരുക്കണം. നഴ്‌സ്, ഡോക്ടര്‍ എന്നിവരുടെ സേവനം ലഭ്യമാക്കണം. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും മെഡിക്കല്‍ ചെക്കപ്പ് നടത്തണം. സ്‌കൂള്‍ തുറക്കും മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യസ്ഥിതി എന്താണെന്ന് ചോദിച്ച് മനസിലാക്കണം. അറ്റന്റന്‍സിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല. സിക്ക് ലീവിന്റെ കാര്യത്തിലും വ്യക്തത വരുത്തണം. രോഗബാധിതരായ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വീട്ടില്‍ ഇരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഒരു കൊവിഡ് കേസുണ്ടെന്ന് തോന്നിയാല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നടപടിയെടുക്കണം. .എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.

