പന്തീരാങ്കാവ് യുഎപിഎ കേസ്: മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിജിത്തിന്റെ അമ്മ ചന്ദ്രമതി

ഇന്നലെ അവർ വരാൻ പറഞ്ഞപ്പോൾ അച്ഛനൊപ്പം പോയി, പിന്നീട് അച്ഛൻ വന്നാണ് പറയുന്നത് അവനെ അറസ്റ്റ് ചെയ്തെന്ന്.

Update: 2021-01-22 13:45 GMT

കൽപ്പറ്റ: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ ട്യൂഷൻ അധ്യാപകൻ വിജിത്ത് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിജിത്തിന്റെ മാതാവ് ചന്ദ്രമതി. വയനാട് കല്‍പറ്റ സ്വദേശിയായ വിജിത് വിജയനെ (27) എന്‍ഐഎ ഇന്നലെ ഉച്ചയ്ക്കാണ് അറസ്റ്റ് ചെയ്തത്. കേസില്‍ നാലാംപ്രതിയാണ് വിജിത്.

കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് എന്‍ഐഎ വിജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജിത്തിനെ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. കല്‍പറ്റയിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്നലെ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് എൻഐഎ ഉദ്യോ​ഗസ്ഥർ വിളിച്ച് കൽപ്പറ്റയിലെത്താൻ ആവശ്യപ്പെട്ടത്. ഒരു കൊല്ലത്തോളമായി വിജിത് വീട്ടിൽ തന്നെയാണ്. ഇവിടെ അടുത്തൊക്കെ കൂലിപ്പണി ഉണ്ടെങ്കിൽ പോകും എന്നല്ലാതെ വേറെ എവിടേയും പോകാറില്ല. ഇന്നലെ അവർ വരാൻ പറഞ്ഞപ്പോൾ അച്ഛനൊപ്പം പോയി, പിന്നീട് അച്ഛൻ വന്നാണ് പറയുന്നത് അവനെ അറസ്റ്റ് ചെയ്തെന്ന്. അവൻ മോശം കാര്യത്തിനൊന്നും പോകില്ല, എല്ലാവരോടും നല്ല പെരുമാറ്റമാണെന്നും വിജിത്തിന്റെ അമ്മ പറഞ്ഞു.

നേരത്തെ, കേസില്‍ താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രായം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ച് അലന്റെ ജാമ്യം റദ്ദാക്കിയില്ല. താഹ ഫസലിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കുന്നതിന് തെളിവാണ് എന്ന എന്‍ഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. അറസ്റ്റിലായ വിജിത് കോഴിക്കോട് ചെറുകുളത്തൂരില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു.

ഇന്ന് രാവിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ വിജിത്തിനെ കാക്കനാട് സബ് ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Tags: