പന്തീരങ്കാവ് യുഎപിഎ കേസ്: ക്രിമിനൽ ​ഗൂഡാലോചന കുറ്റം ചുമത്തി എൻഐഎ

കേസിൽ ഒളിവിൽ കഴിയുന്ന എം ഉസ്മാനും വൈത്തിരിയില്‍ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപി ജലീലുമൊത്ത് വിജിത്ത് മാവോവാദി ഓപറേഷനുകള്‍ക്കായി ഗുഢാലോചന നടത്തി.

Update: 2021-01-30 13:00 GMT

കൊച്ചി: പന്തീരാങ്കാവ് മാവോവാദി കേസില്‍ ക്രിമിനൽ ​ഗൂഡാലോചന കുറ്റം ചുമത്തി എൻഐഎ. നാലാം പ്രതി വിജിത് വിജയൻ കേസിൽ ഒളിവിൽ കഴിയുന്ന എം ഉസ്മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോവാദി ഓപറേഷനുകള്‍ക്ക് ഗുഢാലോചന നടത്തിയതായി എന്‍ഐഎ ആരോപിക്കുന്നു. വിജിത്തിന്റെ കസ്റ്റഡി കാലവധി അവസാനിച്ചതിന് പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് എൻഐഎ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് വിജിത് വിജയനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. വിജിത്തിനെ ജാമ്യത്തില്‍ വിടരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ്) സംഘടനയിലെ സുപ്രധാന കണ്ണിയാണ് വിജിത് എന്ന് എന്‍ഐഎ പറയുന്നു.

ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചിച്ചുണ്ടെന്നാണ് എൻഐഎ അവകാശപ്പെടുന്നത്. ഒളിവില്‍ കഴിയുന്ന മാവോവാദികള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ എത്തിച്ചു നല്‍കുന്നത് വിജിത് ആണ്. സംഘടനയിലെ ഉന്നത നേതാക്കളുമായി വിജിത്തിന് അടുത്ത ബന്ധമുണ്ടെന്നും എൻഐഎ ആരോപിക്കുന്നു.

കേസിൽ ഒളിവിൽ കഴിയുന്ന എം ഉസ്മാനും വൈത്തിരിയില്‍ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സിപി ജലീലുമൊത്ത് വിജിത്ത് മാവോവാദി ഓപറേഷനുകള്‍ക്കായി ഗുഢാലോചന നടത്തി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തു. ഒളിവിലുള്ള സിപിഐ (മാവോയിസ്റ്റ്) പ്രവർത്തകർക്ക് വിജിത് ഭക്ഷണവും വസ്ത്രങ്ങളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു.

മാവോവാ​ദി പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമായ വിജിത്തിന് മാവോവാദി സാഹിത്യങ്ങള്‍ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്ന ചുമതലയുണ്ടെന്നും സംഘടനയിൽ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസാഫിർ, അജയ് എന്നീ പേരുകളിലാണെന്നും റിപോർട്ടിൽ പറയുന്നു. വിജിത്തിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണെന്നും എന്‍ഐഎ അറിയിച്ചു. വിജിത്തിനെ അടുത്ത മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

സത്യത്തിൽ പന്തീരാങ്കാവ് മാവോവാദി കേസിൽ എൻഐഎ കുടുങ്ങിക്കിടക്കുകയാണ്. പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന പുസ്തകങ്ങളും രേഖകളും പൊതുവിപണിയിൽ ലഭ്യമാണ്. കേരള സർക്കാരിന്റെ പിന്തുണയോടുകൂടി എൻഐഎ പ്രചരിപ്പിച്ച നുണകൾ അലനും താഹയ്ക്കും ജാമ്യം ലഭിച്ചതോടെ പൊളിഞ്ഞ സാഹചര്യത്തിലാണ് പുതിയ കെട്ടുകഥകൾ അവതരിപ്പിക്കുന്നത്. ഇത് ഇന്ത്യയിൽ മുഴുവൻ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അടിച്ചമർത്തലിന്റെ ഭാ​ഗമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സിപി റഷീദ് തേജസ് ന്യൂസിനോട് പറഞ്ഞു.

ഒരേ സമയം പ്രതീഷ് വിശ്വനാഥിനെ പോലെയും അർണബ് ​ഗോസ്വാമിയെ പോലുള്ളവരെയും കേസെടുക്കാതെ സംരക്ഷിക്കുകയും ഏതെങ്കിലും തരത്തിൽ വിമതസ്വരം ഉയർത്തുന്ന വിജിത് വിജയനെ പോലുള്ളവരെ തടവിലിടുകയും ചെയ്യുന്ന സമീപനമാണ് ഭരണകൂടം നടത്തുന്നത്. അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയിലുള്ള നടപടിയാണ് കേരളത്തിൽ എൻഐഎ നടത്തുന്നത്. ഇത് നാളെ സിപിഎമ്മിന് എതിരേയും തിരിയുമെന്നത് അവർ തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം 21നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് സ്വദേശി വിജിത് വിജയനെ എൻഐഎ കൊച്ചി യൂനിറ്റ് അറസ്റ്റ് ചെയ്തത്. എന്‍ജിനീയറിങ് ബിരുദധാരിയും കല്‍പ്പറ്റ പുഴമുടി സ്വദേശിയുമാണ് വിജിത് വിജയൻ. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ പക്കൽ നിന്ന് മാവോവാദി ലഘുലേഖ പിടിച്ചെടുത്ത കേസാണ് പന്തീരാങ്കാവ് യുഎപിഎ കേസ്.