മന്‍സൂര്‍ വധം; കൊലയില്‍ നേരിട്ട് പങ്കുള്ള ഒരാള്‍കൂടി പിടിയില്‍, പ്രതികള്‍ക്കെല്ലാം സിപിഎം ബന്ധം

കേസില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. രാവിലെ 10ന് കമ്മീഷണര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടും.

Update: 2021-04-10 02:48 GMT

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായെന്ന് പോലിസ്. കേസില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചയാളാണ് പിടിയിലായത്. രാവിലെ 10ന് കമ്മീഷണര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടും. പ്രതിപ്പട്ടികയിലുള്ള മിക്കവരും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷററുമാണ്.

നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകീട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം മുന്നോട്ട് വന്നിട്ടുണ്ട്.

സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് പാനൂരില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും സംഗമത്തില്‍ പങ്കെടുക്കുക.

എഫ്‌ഐആറിലുള്ള ഒരു പ്രതികളെയും ഇതുവരെ പോലിസിന് പിടികൂടാനായിട്ടില്ല. തലശ്ശേരി, ധര്‍മ്മടം ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലിസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ച ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്.

കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്‌സാപ്പ് വഴിയെന്നാണ് പോലിസിന്റെ നിഗമനം. ഫോണില്‍ നിന്ന് നീക്കം ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാനായി സൈബര്‍ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണില്‍ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, രണ്ടാം പ്രതി രതീഷ് കോലോത്തിനെ ഇന്നലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.