മര്‍ക്കസ് നോളജ് സിറ്റിയിൽ തകർന്നുവീണ കെട്ടിടത്തിന് നിര്‍മാണ അനുമതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത്

ഇങ്ങനെയൊരു നിര്‍മാണ പ്രവര്‍ത്തനം സ്ഥലത്ത് നടക്കുന്നതായി തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും പ്രതികരിച്ചു.

Update: 2022-01-18 13:41 GMT

കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റിയില്‍ അപകടമുണ്ടാക്കിയ കെട്ടിടം നിര്‍മാണം തുടങ്ങിയത് അനുമതിയില്ലാതെയെന്ന് പഞ്ചായത്ത് അധികൃതർ. നിരവധി തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ അനുമതി നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

നോളജ് സിറ്റിക്ക് അകത്ത് നിരവധി നിർമാണങ്ങൾ നടക്കുന്നുണ്ട്, എന്നാൽ ഇപ്പോൾ തകർന്ന കെട്ടിടത്തിന് നിർമാണത്തിനുള്ള അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചതും ലഭിക്കാത്തതുമായ കെട്ടിട നിർമാണം നടക്കുന്നുണ്ടെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് തേജസ് ന്യൂസിനോട് പറഞ്ഞു.

ഇപ്പോൾ അപകടത്തിൽ പെട്ട കെട്ടിട നിർമാണത്തിന് അനുമതി തേടി അപേക്ഷ നൽകിയിരുന്നു. എന്നാൽ പരിശോധനയിൽ നിർമാണം ചട്ടവിരുദ്ധമാണെന്ന് പഞ്ചായത്ത് കണ്ടെത്തിയതിനെ തുടർന്ന് അനുമതി നൽകിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ​ഗിരീഷ് കുമാർ പറഞ്ഞു.

നോളജ് സിറ്റിയുടെ ഫിനിഷിങ് സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ച രാവിലെ നടന്ന അപകടത്തില്‍ 22 പേര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച 59 പേര്‍ ജോലിക്കെത്തിയിരുന്നു. പരിക്കേറ്റ 19 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേര്‍ ഇഖ്റ ആശുപത്രിയിലും രണ്ട് പേര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിൽസ തേടി. രണ്ട് പേരുടെ നില ഗുരുതരമാണ്.

കോണ്‍ക്രീറ്റിനായി ഉറപ്പിച്ച ഇരുമ്പ് തൂണ്‍ തെന്നിമാറുകയും അപകടമുണ്ടാവുകയുമായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. രാവിലെ 11 മണിക്ക് അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ വിവിധ ആശുത്രിയിലേക്ക് കൊണ്ടുപോയി. ഇങ്ങനെയൊരു നിര്‍മാണ പ്രവര്‍ത്തനം സ്ഥലത്ത് നടക്കുന്നതായി തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതരും പ്രതികരിച്ചു.

Similar News