കേന്ദ്ര ബജറ്റ് 2023: പാന്‍കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗീകരിക്കും, 5ജി വ്യാപിപ്പിക്കും

Update: 2023-02-01 07:03 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡ് ആയി അംഗികരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ അറിയിച്ചു. കെവൈസി ലളിതവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇ കോര്‍ട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കും. 63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും, 2,516 കോടി രൂപ ഇതിനായി വകയിരുത്തി. നിലവിലെ 157 മെഡിക്കല്‍ കോളജുകള്‍ക്ക് അനുബന്ധമായി 157 നഴ്‌സിംഗ് കോളജുകളും സ്ഥാപിക്കും.

2047ല്‍ ഇന്ത്യയില്‍ അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി അറിയിച്ചു. മല്‍സ്യരംഗത്തെ വികസനത്തിന് 6000 കോടി രൂപ നീക്കിവയ്ക്കും. സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നതായും ധനമന്ത്രി അറിയിച്ചു. വനിതകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വര്‍ഷത്തേക്ക് 7.5% പലിശ. ചെറുകിട ഇടത്തരം വ്യവസായ സംരഭങ്ങള്‍ക്ക് 900 കോടി. ചെറുകിട സ്ഥാപനങ്ങള്‍ക്ക് വായ്പ പലിശ ഒരു ശതമാനമായി കുറക്കും.

Tags: