പാണത്തൂര്‍ ബസ് അപകടം; മരിച്ച ഏഴുപേരെയും തിരിച്ചറിഞ്ഞു

Update: 2021-01-03 15:20 GMT

കാസര്‍കോട്: പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് മരിച്ച ഏഴുപേരെയും തിരിച്ചറിഞ്ഞു. കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ 44 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അര്‍ധമൂല സ്വദേശി നാരായണ നായിക്കിന്റെ മകന്‍ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഭാര്യ ജയലക്ഷ്മി (39), ബെല്‍നാട് സ്വദേശി രാജേഷ് (45) ബണ്ട്വാള്‍ സ്വദേശി ശശിധരപൂജാരി(43) പുത്തൂര്‍ സ്വദേശിനി സുമതി (50), പുത്തൂര്‍ സ്വദേശി ആദര്‍ശ് (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയിലാണ് മരണപ്പെട്ടത്.

    സുള്ള്യയില്‍നിന്നു പാണത്തൂര്‍ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനുവന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തുനിന്നു കര്‍ണാടകയിലെതന്നെ ചെത്തുകയത്തേക്കു പോവുകയായിരുന്നു ബസ്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍ എത്തുന്നതിനു മൂന്നു കിലോമീറ്റര്‍ മുമ്പ് നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ജോസ് എന്നയാളുടെ വീട്ടിലേക്ക് മറിയുകയായിരുന്നു. വീട് ഭാഗികമായി തകര്‍ന്നു. അപകടസമയം വീടിനുള്ളില്‍ ആരും ഇല്ലായിരുന്നു. ഞായറാഴ്ച രാവിലെ 12.30ഓടെയാണ് അപകടം. അപകടസമയത്ത് ബസില്‍ 65 പേരാണ് ഉണ്ടായിരുന്നത്.

    അഞ്ച് പേരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ആദര്‍ശിന്റെ മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലുമാണുള്ളത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കാഞ്ഞങ്ങാട് സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Panathur bus accident; seven dead were identified

Tags:    

Similar News