പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പിലെ വിമതപ്രവര്‍ത്തനം; കണ്ണൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി

Update: 2023-05-15 14:36 GMT

കണ്ണൂര്‍: പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ വിമത പ്രവര്‍ത്തനത്തിലൂടെ ഭരണം പിടിച്ചെടുക്കുകയും ഔദ്യോഗിക പാനലിനെ പരാജയപ്പെടുത്തുകയും ചെയേതതിനു പിന്നാലെ കണ്ണൂര്‍ കോണ്‍ഗ്രസില്‍ കൂട്ടനടപടി. കണ്ണൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, ചേറ്റൂര്‍ രാഗേഷ്, അഖില്‍ എം കെ, രഞ്ജിത്ത് പി കെ, സൂരജ് പി കെ, രതീപന്‍ കെ പി, എം വി പ്രദീപ് കുമാര്‍ എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അനിത കെ പി, ചന്ദ്രന്‍ കെ പി എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായും ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു. ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പള്ളിക്കുന്ന് മണ്ഡലം, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു. പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതല കെപിസിസി മെംബര്‍ രാജീവന്‍ എളയാവൂരിന് നല്‍കി. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണ് പി കെ രാഗേഷ്. കാലങ്ങളായി പി കെ രാഗേഷ് വിഭാഗവും കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗവും തമ്മില്‍ പള്ളിക്കുന്ന് ബാങ്കുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിരുന്ന നഗരസഭ, ആദ്യമായി കണ്ണൂര്‍ കോര്‍പറേഷനായപ്പോള്‍ വിമത പ്രവര്‍ത്തനത്തിലൂടെ തദ്ദേശ തിരഞ്ഞടുപ്പില്‍ ജയിച്ച പി കെ രാഗേഷ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് ഡെപ്യൂട്ടി മേയറായിരുന്നു. കെ സുധാകരന്റെ വിശ്വസ്തനായിരുന്ന പി കെ പിന്നീട് ഇടതുപക്ഷവുമായുള്ള സഹകരണം അവസാനിപ്പിച്ച് യുഡിഎഫ് പക്ഷത്തേക്ക് തിരിച്ചത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തെ അട്ടിമറിച്ച് പി കെ രാഗേഷിനെ അനുകൂലിക്കുന്ന വിഭാഗം ഭരണം പിടിച്ചെടുക്കുകയായിരുന്നു.

Tags:    

Similar News