പാലിയേക്കര ടോള്‍ പ്ലാസ: ചിലവിന്‍റെ 97 ശതമാനവും കിട്ടി; ടോള്‍ കൊള്ള 8 വർഷം കൂടി തുടരും

2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 698.14 കോടി രൂപ.

Update: 2020-02-19 06:45 GMT

തൃശ്ശൂര്‍: കേരളത്തിലെ ഏറ്റവും തിരക്കേറിയ ടോള്‍ ബൂത്തുകളിലൊന്നായ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ ദേശീയ പാത നിര്‍മാണത്തിന് മുടക്കിയ 90 ശതമാനം തുകയും തിരികെ കിട്ടിയതായുള്ള കണക്കുകള്‍ പുറത്ത്.

വിവരാവകാശ രേഖപ്രകാരം ശേഖരിച്ച രേഖകളിലൂടെയാണ് പാലിയേക്കര ദേശീയപാത നിര്‍മാണത്തിന് ചിലവാക്കിയ തുകയുടെ 97 ശതമാനം തുകയും ടോള്‍ പിരിവിലൂടെ തിരികെ കിട്ടിയെന്ന വിവരം വ്യക്തമാവുന്നത്. അതേസമയം 2012 ഫെബ്രുവരി 9ന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാനാണ് കരാറിലെ വ്യവസ്ഥ.

കരാര്‍ തുടരാന്‍ ദേശീയപാത അതോറിറ്റി കരാര്‍ കമ്പനിയെ അനുവദിക്കുന്ന പക്ഷം ദേശീയപാത നിര്‍മാണത്തിന് ചിലവാക്കിയ തുകയുടെ പത്ത് മടങ്ങായിരിക്കും കമ്പനിക്ക് ലഭിക്കുകയെന്നും കണക്കുകളിലൂടെ വ്യക്തമാവുന്നു. എന്നാല്‍ വരുമാനം കൂടുമ്പോഴും അടിപാത നിര്‍മ്മാണം ഉള്‍പ്പെടെയുളള കരാറിലെ വ്യവസ്ഥകളൊന്നും ടോള്‍ കമ്പനി നടപ്പാക്കിയിട്ടുമില്ല.


പാലിയേക്കര ടോള്‍ പ്ലാസ വഴി ദിനം പ്രതി കടന്നു പോകുന്നത് 45,000 ത്തോളം വാഹനങ്ങളാണ്. അതായത് ഓരോദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. 2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 698.14 കോടി രൂപയാണ്.

ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലായ് 21 വരെ ടോള്‍ പിരിക്കാം. മണ്ണുത്തി-ഇടപ്പള്ളി നാല് വരിപാതയുടെ നിര്‍മാണത്തിന് കമ്പനിയ്ക്ക് ചിലവായത് 721.17 കോടി രൂപയാണ്. അതായത് 23 കോടി രൂപ കൂടി കിട്ടിയാല്‍ ചിലവായ തുക കമ്പനിക്ക് കിട്ടും.

Tags:    

Similar News