'ഹമാസ് ഭീകരസംഘമല്ല'; യുഎസ് നയം പുനപ്പരിശോധിക്കണമെന്ന് ബൈഡനോട് ഫലസ്തീന്‍ അമേരിക്കന്‍ ക്രൈസ്തവര്‍

ഹമാസ് ഭീകര സംഘമല്ലെന്നും സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് കത്ത്.

Update: 2021-07-10 13:49 GMT

വാഷിങ്ടണ്‍: ഹമാസിനെതിരായ നയം പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഫലസ്തീന്‍- അമേരിക്കന്‍ ക്രൈസ്തവര്‍ കത്തയച്ചു. ഹമാസ് ഭീകര സംഘമല്ലെന്നും സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് കത്ത്.

ഫലസ്തീന്‍ ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ പീസ് (പിസിഎപി) ആണ് ബൈഡനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കത്തയച്ചു. മെയ് 25ന് റാമല്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബ്ലിങ്കന്‍ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പിസിഎപി കത്തയച്ചത്. റാമല്ലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫലസ്തീനികളുടെ അഭിലാഷങ്ങളെ ബ്ലിങ്കന്‍ അംഗീകരിച്ചിരുന്നു.

അമേരിക്കയും ഫലസ്തീനികളും തമ്മില്‍ കൂടുതല്‍ മികച്ച സഹകരണം നടക്കുന്നുണ്ട്.ഹമാസിനോടുള്ള നയം പുനര്‍വിചിന്തനം ചെയ്യണമെന്നും ഹമാസും അവരുടെ സ്ഥാനാര്‍ത്ഥികളും കിഴക്കന്‍ ജറുസലേമിലെ വോട്ടര്‍മാരും ഉള്‍പ്പെടെയുള്ള ഫലസ്തീനികള്‍ക്ക് ന്യായമായതും സുതാര്യവുമായ തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കണമെന്നും ബൈഡന്‍ ഭരണകൂടത്തോട് പിസിഎപി ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഷെയ്ഖ് ജര്‍റാഹിലും ഡമാസ്‌കസ് ഗേറ്റിലും അല്‍ അക്‌സാ പള്ളിയിലും നടന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഇസ്രയേല്‍ ഗസയില്‍ ബോംബാക്രമണം നടത്തിയപ്പോള്‍ യുഎസിലെ പ്രധാന മാധ്യമങ്ങള്‍ ഹമാസിനെ തീവ്രവാദ സംഘടനയാണെന്ന് വിശേഷിപ്പിച്ചിരുന്നതായും പിസിഎപി കോചെയര്‍ അലക്‌സ് അവാദ് പറഞ്ഞു. ഹമാസിന് 'തീവ്രവാദ സംഘടന' എന്ന മുദ്രചാര്‍ത്തുന്നത് സത്യത്തെ മറച്ചുവയ്ക്കലാണെന്നും അവാദ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News