ഫലസ്തീന്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടുന്നു
ഫലസ്തീന് നെതര്‍ലാന്റ് സംഭാവന ചെയ്ത 32 വര്‍ഷം പഴക്കമുള്ള രണ്ട് ഫോകര്‍ 50 വിമാനങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വില്‍പ്പനയ്ക്കു വച്ചതോടെ വിമാനക്കമ്പനി ഏറെ മുന്നോട്ട് പോവില്ലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു.
ഗസാ സിറ്റി: 25 വര്‍ഷത്തെ പരിമിത സേവനത്തിന് ശേഷം ഫലസ്തീന്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടുകയാണെന്ന് ഫലസ്തീന്‍ അതോറിറ്റി അറിയിച്ചു. ഫലസ്തീന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
ഫലസ്തീന് നെതര്‍ലാന്റ് സംഭാവന ചെയ്ത 32 വര്‍ഷം പഴക്കമുള്ള രണ്ട് ഫോകര്‍ 50 വിമാനങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വില്‍പ്പനയ്ക്കു വച്ചതോടെ വിമാനക്കമ്പനി ഏറെ മുന്നോട്ട് പോവില്ലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. ഫലസ്തീന്‍ എയര്‍ലൈന്‍സിന്റെ കീഴിലുള്ള അവശേഷിച്ച അവസാന രണ്ട് വിമാനങ്ങളായിരുന്നു ഇവ. ഈ രണ്ടു വിമാനങ്ങളും അടുത്തിടെ നൈജര്‍ എയര്‍ലൈന്‍സിന് പാട്ടത്തിന് നല്‍കിയിരുന്നു.
ഇതില്‍ ഒന്ന് നൈജര്‍ എയര്‍ലൈന്‍സ് ഫലസ്തീന്‍ അതോറിറ്റിക്ക് തിരികെ നല്‍കിയിരുന്നുവെങ്കിലും ജോര്‍ദാനിലെ അമ്മാനിലാണ് ഇത് ഇപ്പോഴുള്ളത്. നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രണ്ടാമത്തെ വിമാനത്തിന്റെ പാട്ടക്കാലാവധി പുതുക്കാന്‍ നൈജര്‍ എയര്‍ലൈന്‍സ് തയ്യാറായിട്ടുമില്ല.
വര്‍ഷങ്ങളായി കമ്പനി വളരെ പരിമിതമായ തോതിലാണ് പ്രവര്‍ത്തിച്ച് വരുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു വിമാനങ്ങള്‍ കുറച്ച് വര്‍ഷങ്ങളായി മറ്റ് വിമാനക്കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. ഒന്ന് നിലവില്‍ ഈജിപ്തിലെ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റൊന്ന് ജോര്‍ദാനിലെ അമ്മാനിലുമാണ്.
ഗസാ മുനമ്പില്‍ വിമാനത്താവളം സ്ഥാപിക്കുന്നതിന്, ഇസ്രായേലും ഫലസ്തീനും ഒപ്പുവച്ച ഓസ്ലോ കരാറിനെതുടര്‍ന്ന് 1995ലാണ് കമ്പനി സ്ഥാപിക്കുന്നത്. നെതര്‍ലാന്‍ഡ്‌സ്, സൗദി എന്നിവയുടെ സഹായത്തോടെയാണ് വിമാനങ്ങള്‍ വാങ്ങിയത്.
രണ്ട് ഫോകര്‍ 50 വിമാനങ്ങള്‍ നെതര്‍ലാന്‍ഡ്‌സ് സംഭാവന ചെയ്തപ്പോള്‍ ബോയിങ് 727 ആണ് സൗദി നല്‍കിയത്. 1997ലാണ് സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈജിപ്തിലെ പോര്‍ട്ട് സെയ്ദ് വിമാനത്താളവത്തില്‍നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കായിരുന്നു തുടക്കത്തില്‍ സര്‍വീസ് നടത്തിയിരുന്നു. ഒരു മാസത്തിന് ശേഷം ഈജിപ്തിലെ അല്‍ ഐറിഷ് വിമാനത്താവളത്തില്‍നിന്ന് ജോര്‍ദാനിലേക്കും സൗദിയിലേക്കും സര്‍വീസ് ആരംഭിച്ചു.
അതിനിടെ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ ഗസയില്‍ നിര്‍മിച്ച യാസര്‍ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 1998 നവംബറില്‍ സര്‍വീസ് തുടങ്ങി. തുടര്‍ന്ന് തങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിമാനക്കമ്പനി ഇങ്ങോട്ട് മാറ്റി.
2001ല്‍ ഈ വിമാനത്താവളം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. പിന്നീട് വിമാനങ്ങള്‍ ഗസ്സ മുനമ്പിനോട് ചേര്‍ന്ന ഈജിപ്തിലെ അല്‍ അറിഷ് വിമാനത്താവളത്തിലേക്ക് മാറ്റിയെങ്കിലും വിമാനം പാട്ടത്തിന് നല്‍കാന്‍ ഫലസ്തീന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. പിന്നീട് 2017ല്‍ തന്നെ ഇതിന്റെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിയിരുന്നു. ഡിസംബര്‍ 31ഓടെ പൂര്‍ണ്ണമായും സര്‍വീസ് നിര്‍ത്തുന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

