ഫലസ്തീന്‍ വംശഹത്യ: ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ 200 കേന്ദ്രങ്ങളില്‍ എസ് ഡിപി ഐ പ്രതിഷേധം

Update: 2023-11-08 08:10 GMT

തിരുവനന്തപുരം: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന വംശഹത്യയ്ക്കിടെ അവര്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്ന അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ നവംബര്‍ എട്ട്, ഒമ്പത്, 10 തിയ്യതികളില്‍ സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഫലസ്തീനില്‍ സയണിസം നടത്തുന്ന കൂട്ടക്കുരുതി ഒരു മാസം പിന്നിടുകയാണ്. അന്താരാഷ്ട്ര യുദ്ധ മര്യാദകളും ചട്ടങ്ങളും ലംഘിച്ച് വിനാശകരമായ ബോംബ് വര്‍ഷത്തിലൂടെയാണ് സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ പോലും പലതവണ പ്രതിഷേധം രേഖപ്പെടുത്തിയിട്ടും സയണിസ്റ്റ് ഭീകരര്‍ അക്രമം അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ല. സയണിസ്റ്റ് അതിക്രമങ്ങള്‍ക്ക് ആയുധമുള്‍പ്പെടെ സര്‍വ പിന്തുണയും നല്‍കി പ്രോല്‍സാഹിപ്പിക്കുകയാണ് സാമ്രാജ്യത്വ ചേരി. അതേസമയം, ഇന്ത്യാ രാജ്യം നാളിതുവരെ പുലര്‍ത്തിപ്പോന്ന എല്ലാവിധ വിദേശ നയനിലപാടുകളും കാറ്റില്‍പ്പറത്തി സയണിസത്തിനും സാമ്രാജ്യത്വത്തിനും ഒത്താശ ചെയ്യുന്ന നടപടിയാണ് ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നത്. സാമ്രാജ്യത്വ സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ടായ്മ ലോക സമാധാനത്തിന് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.

    യുഎസ് നേതാക്കളുടെ ഇന്ത്യാ സന്ദര്‍ശനം സയണിസ്റ്റ് അധിനിവേശത്തിന് ലോകരാജ്യങ്ങളുടെ പിന്തുണ നേടുന്നതിന് ആവശ്യമായ നയതന്ത്ര നീക്കമാണെന്നത് തര്‍ക്കമറ്റ കാര്യമാണ്. ഈ സാഹചര്യത്തില്‍ ഫലസ്തീന്‍ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളോടൊപ്പം നില്‍ക്കാനും മനുഷ്യക്കുരുതി നടത്തുന്ന സയണിസത്തിനും അതിന് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വത്തിനും എതിരായി നിലപാടെടുക്കാനും ഇന്ത്യന്‍ ഭരണകൂടവും ജനതയും തയ്യാറാവണം. ആന്റണി ബ്ലിങ്കനും ലോയ്ഡ് ഓസ്റ്റിനും നല്‍കുന്ന പിന്തുണ സയണിസത്തിനും കൂട്ടക്കുരുതിക്കുമുള്ള പിന്തുണയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അതില്‍ നിന്നു പിന്മാറണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു.

Tags: