സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് യുവാക്കള്‍ തീരുമാനിക്കണമെന്ന് പാളയം ഇമാം

കൊവിഡ് മൂലം ഇത്തവണയും ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം.

Update: 2021-07-21 10:33 GMT

തിരുവനന്തപുരം: സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലെന്ന് യുവാക്കൾ തീരുമാനമെടുക്കണമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. സ്ത്രീധനത്തിന്റെ പേരില്‍ വലിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ നടക്കുന്ന കാലഘട്ടമാണെന്നും ഇത്തരം സാമൂഹ്യ ദുരാചാരങ്ങള്‍ക്കെതിരേ മുന്നോട്ടുവരാന്‍ ചെറുപ്പക്കാര്‍ തയ്യാറാകണമെന്നും ബക്രീദ് സന്ദേശത്തിൽ പാളയം ഇമാം ആഹ്വാനം ചെയ്തു.

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്‌മരണകള്‍ പുതുക്കി വിശ്വാസികള്‍‌ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. കൊവിഡ് മൂലം ഇത്തവണയും ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം. കര്‍ശന കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളികളില്‍ മാത്രമായിരുന്നു നമസ്‌കാരം.

ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഡ്മിനിസ്‌ട്രേറ്ററുടെ കരിനിയമങ്ങള്‍ അവിടുത്തെ പള്ളികളുടെയും മദ്രസകളുടെയും നിലനില്‍പ്പിനു തന്നെ വെല്ലുവിളിയാണെന്നും അത് ചോദ്യംചെയ്യപ്പെടണമെന്നും സുഹൈബ് മൗലവി പറഞ്ഞു.

നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍. പെരുന്നാളിന് കിട്ടിയ ലോക്ക്‌ഡൗൺ ഇളവില്‍ കച്ചവട സ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു.

Similar News