പാലത്തായി: പുനരന്വേഷണ ഹര്‍ജി കേസ് അട്ടിമറിക്കാന്‍; സര്‍ക്കാര്‍ എതിര്‍ക്കണമെന്ന് വിമന്‍ ജസ്റ്റിസ്

Update: 2021-12-20 08:41 GMT

കോഴിക്കോട്: പാലത്തായി ബാലികാ പീഡനക്കേസില്‍ ബിജെപി നേതാവായ പ്രതിയുടെ പുനരന്വേഷണഹര്‍ജി സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.


'ഹൈകോടതി നിര്‍ദേശമനുസരിച്ച് വന്നപുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കെയാണ് പ്രതി പത്മരാജന്‍ പുനരന്വേഷണ ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്. ഇത് കേസ് അട്ടിമറിക്കാനാണ്.

ഈ മാസം 21 ന് തലശ്ശേരി കോടതിയില്‍ പരിഗണിക്കുന്ന പ്രതിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വളരെ നിര്‍ണ്ണായകമാണ്. സര്‍ക്കാര്‍ ഏറെ പഴി കേട്ട കേസില്‍ ഈ ഘട്ടത്തിലെങ്കിലും കൃത്യമായ ഇടപെടലുണ്ടാവണം. സ്വന്തം വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ പ്രതി രക്ഷപ്പെട്ടാല്‍ അത് കേരളത്തിന് നല്‍കുന്ന സന്ദേശവും പ്രത്യാഘാതവും ഗുരുതരമായിരിക്കുമെന്നും ജബീന ഇര്‍ഷാദ് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

Tags: