പാലത്തായി ബാലികാ പീഡനക്കേസ്: പോക്‌സോ ഒഴിവാക്കിയത് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം മറികടന്ന്

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം

Update: 2020-07-17 13:01 GMT

കോഴിക്കോട്: ബിജെപി നേതാവ് കുനിയില്‍ പത്മരാജന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്ന്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എന്നാല്‍, ഇത് മറികടന്നാണ് ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം നല്‍കിയത്. പ്രതിക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്താതെ താരതമ്യേന ദുര്‍ബലമായ ജുവൈനല്‍ ജസ്റ്റിസ് ആക്റ്റും ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. അതുതന്നെ, അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, തലേന്നാണ് ക്രൈംബ്രാഞ്ച് സംഘം തലശ്ശേരി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 90 ദിവസം പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തത്. ഇതും കണ്ണില്‍പ്പൊടിയിടാനാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

    പ്രമാദമായ കേസില്‍ നിര്‍ദ്ദിശ്ട ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതി പത്മരാജന് വ്യാഴാഴ്ച തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. കേസില്‍ ലോക്കല്‍ പോലിസ് മുതല്‍ ക്രൈംബ്രാഞ്ച് വരെ പ്രതിയെ രക്ഷപ്പെടുത്താന്‍ നീക്കം നടന്നതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ്, പോക്‌സോ വകുപ്പ് ഒഴിവാക്കിക്കൊണ്ട് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം-ആര്‍എസ്എസ് ഒത്തുകളിയുടെ ഭാഗമായാണ് പ്രതിക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് അന്വേഷണത്തിന്റെ ഉന്നതതലത്തില്‍ തന്നെ അട്ടിമറി നീക്കം നടന്നുവെന്ന സംശയം ബലപ്പെടുത്തുന്ന പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

    കേസില്‍ പ്രാദേശിക സിപിഎം-ലീഗ് നേതൃത്വം മുന്‍കൈയെടുത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയും കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണം ശക്തമാണ്. കേസില്‍ പോക്‌സോ ഒഴിവാക്കിയതിനെ ആക്ഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തത് ഇരുപാര്‍ട്ടികളിലെയും അണികള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

    പാനൂരിനു സമീപം പാലതത്തായില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും പൊയിലൂരിലെ ഒരു വീട്ടില്‍ വച്ചും നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രതി പത്മരാജന്‍ പീഡിപ്പിച്ചെന്നാണു കേസ്. കൂടാതെ, പ്രതി മറ്റൊരാള്‍ക്കു കൂടി പെണ്‍കുട്ടിയെ കാഴ്ചവച്ചെന്നു ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ ഒരു മാസത്തിനു ശേഷം പ്രതിഷേധമുയര്‍ന്നപ്പോഴാണ് പാനൂര്‍ ലോക്കല്‍ പോലിസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലിസ് സ്‌റ്റേഷന് കിലോമീറ്ററുകള്‍ക്കുള്ളില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ സംരക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് പത്മരാജനെ പിടികൂടിയത്.

Palathayi case: Pocso lift beyond Director General of Prosicution's legal advice


Tags: