പാലത്തായി കേസ്: ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിന്റെ കപടമുഖം തുറന്ന് കാട്ടുന്നു- വിമന്‍ ഇന്ത്യാ മുവ്മെന്റ്

നീതി ആഗ്രഹിക്കുന്ന ബഹുജനങ്ങളുടെ നിരന്തരമായ ജാഗ്രതയുടെ ഫലമാണ് ഹൈക്കോടതിയുടെ വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.

Update: 2020-10-20 13:03 GMT

കൊച്ചി: പാലത്തായി ബാലികാ പീഡനക്കേസില്‍ നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിന്റെ കപടമുഖം തുറന്നു കാട്ടിയെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെകെ റൈഹാനത്ത്. രണ്ടാഴ്ചക്കുള്ളില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന കോടതി നിര്‍ദേശം

നീതിയിലും നീതിപീഠങ്ങളിലും വിശ്വാസം വര്‍ധിക്കാന്‍ കാരണമായി. ബിജെപി നേതാവും ഇരയുടെ അധ്യാപകനുമായ പ്രതി പത്മരാജന് ജാമ്യത്തില്‍ വിലസാന്‍ അവസരമൊരുക്കിയത് സര്‍ക്കാരും പോലിസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമായിരുന്നെന്നും വ്യക്തമായിരിക്കുന്നു. നീതി ആഗ്രഹിക്കുന്ന ബഹുജനങ്ങളുടെ നിരന്തരമായ ജാഗ്രതയുടെ ഫലമാണ് ഹൈക്കോടതിയുടെ വിധിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഈ വിധിയിലൂടെ ഐജി ശ്രീജിത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നത് വ്യക്തമാണ്. അതിനാല്‍ കൃത്യനിര്‍വഹണത്തില്‍ നീതിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത ഐജി ശ്രീജിത്തിനെയും അതിന് കൂട്ട് നിന്നവരെയും അന്വേഷണത്തില്‍ നിന്ന് മാത്രമല്ല, സര്‍വീസില്‍ നിന്ന് തന്നെ മാറ്റി നിറുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അക്രമികളുടെ കൈകള്‍ക്ക് കൂച്ചുവിലങ്ങിടാനും നീതി നടപ്പില്‍ വരുത്തുവാനും നിതാന്ത ജാഗ്രതയില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും വിമന്‍ ഇന്ത്യാ മുവ്മെന്റിന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും റൈഹാനത്ത് പറഞ്ഞു.