ചെറിയ പെരുന്നാള്‍: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മൃഗങ്ങളെ അറുക്കലും മാംസവിതരണവും നിരോധിച്ച് പാലക്കാട് കലക്ടര്‍

Update: 2021-05-11 07:54 GMT

പാലക്കാട്: ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കലും മാംസവിതരണവും പാലക്കാട് ജില്ലാ കലക്ടര്‍ നിരോധിച്ചു. 12, 13 തിയ്യതികളിലാണ് ആഘോഷവുമായി ബന്ധപ്പെട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനകൂട്ടം ഒഴിവാക്കുക, സമ്പര്‍ക്കം കുറക്കുക ലക്ഷ്യമിട്ടാണ് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആഘോഷവുമായി ബന്ധപ്പെട്ടുള്ള മൃഗങ്ങളെ അറുക്കല്‍, പ്രസ്തുത സ്ഥലത്തുള്ള മാംസവിതരണം എന്നിവ പൂര്‍ണമായും നിരോധിച്ചതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

ഇന്ന് ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മറ്റ് സ്ഥലങ്ങളില്‍ ആവശ്യമുള്ളവര്‍ മാത്രം ചേര്‍ന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ആഘോഷവുമായി ബന്ധപ്പെട്ട് മൃഗങ്ങളെ അറുക്കുന്നതില്‍ തടസ്സമില്ല. ഇങ്ങനെ അറുക്കുന്ന മാംസം ബന്ധപ്പെട്ടവര്‍ വീടുകളിലെത്തിച്ചുകൊടുക്കേണ്ടതാണ്. അറുക്കുന്ന സ്ഥലത്ത് മാംസ വിതരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നുമാണ് കലക്ടറുടെ അറിയിപ്പിലുള്ളത്. അതേസമയം, ചെറിയ പെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് മൃഗബലി ഇല്ല എന്നറിയാതെയുള്ള കലക്ടറുടെ ഉത്തരവ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.

Tags:    

Similar News