പാലായില്‍ 71.41 ശതമാനം പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍

ആകെയുള്ള 1,79,107 വോട്ടര്‍മാരില്‍ 1,27,939 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇതില്‍ 65,203 പേര്‍ പുരുഷന്‍മാരും 62,736 പേര്‍ സ്ത്രീകളുമാണ്. പാലാ നഗരസഭയടക്കം മണ്ഡലത്തിലെ നഗരമേഖലകളില്‍ പോളിങ് ശതമാനം ഉയര്‍ന്നപ്പോള്‍ തലനാട്, മേലുകാവ്, കടനാട്, മുന്നിലവ് അടക്കം മലയോരഗ്രാമീണമേഖലകളില്‍ ഗണ്യമായി കുറഞ്ഞു. രാവിലെ പലയിടത്തും കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ പെയ്തതോടെ കാര്യങ്ങള്‍ മന്ദഗതിയിലായി.

Update: 2019-09-23 18:08 GMT

കോട്ടയം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുപ്രകാരം പാലാ ഉപതിരഞ്ഞെടുപ്പിലെ വിധിയെഴുത്തില്‍ 71.41 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 1,79,107 വോട്ടര്‍മാരില്‍ 1,27,939 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. ഇതില്‍ 65,203 പേര്‍ പുരുഷന്‍മാരും 62,736 പേര്‍ സ്ത്രീകളുമാണ്. പാലാ നഗരസഭയടക്കം മണ്ഡലത്തിലെ നഗരമേഖലകളില്‍ പോളിങ് ശതമാനം ഉയര്‍ന്നപ്പോള്‍ തലനാട്, മേലുകാവ്, കടനാട്, മുന്നിലവ് അടക്കം മലയോരഗ്രാമീണമേഖലകളില്‍ ഗണ്യമായി കുറഞ്ഞു. രാവിലെ പലയിടത്തും കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്കുശേഷം ശക്തമായ മഴ പെയ്തതോടെ കാര്യങ്ങള്‍ മന്ദഗതിയിലായി.

മണ്ഡലത്തിലെ 176 ബൂത്തിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. പത്തോളം ബൂത്തുകളില്‍ വോട്ടുയന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. കേടുപാടിനെത്തുടര്‍ന്ന് ആറിടത്തെ വിവി പാറ്റ് യന്ത്രങ്ങള്‍ മാറ്റിസ്ഥാപിച്ചു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 100ലധികം ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര പ്രത്യക്ഷപ്പട്ടു. ചില ബൂത്തുകളില്‍ വെളിച്ചക്കുറവുമൂലം വോട്ടിങ് യന്ത്രം കൃത്യമായി കാണാന്‍ കഴിയുന്നില്ലെന്ന് ജോസ് കെ മാണി പരാതി ഉന്നയിച്ചു. കെ എം മാണിയുടെ പിന്‍ഗാമിയായി കേരള നിയമസഭയില്‍ പാലായെ ആര് പ്രതിനിധീകരിക്കുമെന്ന് വെള്ളിയാഴ്ച അറിയാം.

ഉയര്‍ന്ന പോളിങ് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. തങ്ങളുടെ ഉറച്ചവോട്ടുകള്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് എല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുന്നു. വൈകീട്ട് വരെയും തങ്ങള്‍ക്ക് മേല്‍ക്കയ്യുള്ള മേഖലകളില്‍ മികച്ച പോളിങ് നടന്നുവെന്ന് എന്‍ഡിഎയും അവകാശപ്പെടുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.25 ശതമാനവും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിങ്.

രാവിലെ തന്നെ സ്ഥാനാര്‍ഥികളും മണ്ഡലത്തിലെ പ്രമുഖരും വോട്ടുരേഖപ്പെടുത്തി. കൂവത്തോട് ഗവ.എല്‍പി സ്‌കൂളിലെ 145ാം നമ്പര്‍ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും ഭാര്യ ജെസിയും വോട്ട് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ കാണാട്ടുപാറയിലെ 119ാം ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തി വോട്ടുരേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിക്ക് മണ്ഡലത്തില്‍ വോട്ടില്ല. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 14 ടേബിളുകളിലായി 13 വീതം റൗണ്ടാണ് വോട്ടെണ്ണലിനായി നിശ്ചിയിച്ചിരിക്കുന്നത്. 

Tags:    

Similar News