ഇറാനും യുഎസും തമ്മിലുള്ള സുപ്രധാന ചര്‍ച്ച നാളെ നടക്കുമെന്ന് പാകിസ്താന്‍ പ്രതീക്ഷിക്കുന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. പാകിസ്താന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അല്‍ ജസീറ റിപോര്‍ട്ട്. യുഎസ് പ്രതിനിധികളായ ജെ ഡി വാന്‍സ്, സ്റ്റീവന്‍ വിറ്റ്‌കോഫ്, ജാരഡ് കുഷ്‌നര്‍ എന്നിവര്‍ ബുധനാഴ്ച പുലര്‍ച്ചെ വാഷിങ്ടണില്‍ നിന്ന് പുറപ്പെടുമെന്ന് പാകിസ്താന്‍ വൃത്തങ്ങള്‍ പറയുന്നു. ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിയുന്നതായും അന്താരാഷ്ട്ര ഇടപെടല്‍ പുരോഗമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.
അതേസമയം, ട്രംപിന്റെ പ്രസ്താവനകളും അവകാശ വാദങ്ങളും ഇറാനെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ടടിക്കുന്നുണ്ട്. ഇറാന്‍ നിരവധി തവണ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നും ഇറാനിയന്‍ കപ്പലിന് നേരെ വെടിവയ്പ്പ് നടത്തിയതായും യുഎസ് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. കപ്പല്‍ പിടിച്ചെടുക്കുന്നതും തുടര്‍ച്ചയായ ഉപരോധവും നടത്തി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് അമേരിക്കയാണെന്ന ഇറാന്റെ പ്രസ്താവനയും ട്രംപ് തള്ളി.