പാകിസ്താനിലെ 400 ക്ഷേത്രങ്ങൾ തുറന്നു കൊടുക്കാൻ സർക്കാർ തീരുമാനം

വിഭജനത്തിന് ശേഷം 428 ക്ഷേത്രങ്ങളാണ് പാകിസ്താനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 400 ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്

Update: 2019-11-14 02:47 GMT

ഇസ്ലാമാബാദ്: രാജ്യത്ത് അടഞ്ഞുകിടക്കുന്ന ഹിന്ദു ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കുവാനും നവീകരിക്കാനും തീരുമാനിച്ച് പാകിസ്താന്‍ സര്‍ക്കാര്‍. രാജ്യത്തെ ഹിന്ദു മതവിശ്വാസികളുടെ ദീര്‍ഘ കാലത്തെ ആവശ്യത്തെ മാനിച്ചാണ് ഈ തീരുമാനം.

ക്ഷേത്രങ്ങൾ വീണ്ടും തുറക്കണമെന്ന് രാജ്യത്തെ ഹിന്ദു സമൂഹത്തിൽ നിന്ന് വളരെക്കാലമായി ആവശ്യമുണ്ട്. ആവശ്യത്തോട് യോജിച്ച് ഈ ക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതായി തഹ്‌രീക് ഇ ഇൻസാഫ് വക്താവ് അഹ്മദ് ജവാദ് പ്രസ്താവനയിൽ പറഞ്ഞു.

വിഭജനത്തിന് ശേഷം 428 ക്ഷേത്രങ്ങളാണ് പാകിസ്താനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 400 ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്. ഈ ക്ഷേത്രങ്ങളാണ് നവീകരിക്കാനും തുറന്ന് കൊടുക്കാനും തീരുമാനിച്ചത്. സിയാല്‍ക്കോട്ടിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ആയിരം വര്‍ഷത്തെ പഴക്കമുള്ള ശിവാലയ തേജസിംഗ് ക്ഷേത്രവും നവീകരിക്കും.

1990കളോടെ പാകിസ്താനിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളും കയ്യേറി സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയാക്കി മാറ്റിയിരുന്നു. ഇവയെയാണ് ഇപ്പോള്‍ തിരികെ ക്ഷേത്രങ്ങളാക്കി മാറ്റാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

Similar News