പാകിസ്താന്‍ ടിക് ടോക് നിരോധനം പിന്‍വലിച്ചു
11 ദിവസത്തിന് ശേഷമാണ് ടിക് ടോക്കിന്റെ വിലക്ക് നീക്കിയതെന്ന് പാകിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു
ലാഹോര്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകിന്റെ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു. 11 ദിവസത്തിന് ശേഷമാണ് ടിക് ടോക്കിന്റെ വിലക്ക് നീക്കിയതെന്ന് പാകിസ്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു. എന്നിരുന്നാലും, ടിക്ക് ടോക്കിന് അതിന്റെ ആപ്ലിക്കേഷനില്‍ ഉള്ളടക്കം സജീവമായി ക്രമീകരണം ചെയ്യേണ്ടതുണ്ടെന്നും അല്ലെങ്കില്‍ അത് രാജ്യത്ത് ശാശ്വതമായി തടയപ്പെടുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ടിക്ക് ടോക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ഇടപഴകിയതിന് ശേഷമാണ് വിലക്ക് നീക്കുന്നതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു. സാമൂഹിക മാനദണ്ഡങ്ങള്‍ക്കും പാക്കിസ്താന്റെ നിയമങ്ങള്‍ക്കും അനുസൃതമായി ഉള്ളടക്കം ക്രമീകരണം ചെയ്യുമെന്നും നിയമവിരുദ്ധമായ ഉള്ളടക്കം ആവര്‍ത്തിച്ച് അപ്ലോഡ് ചെയ്യുന്ന ഉപയോക്താക്കളെ തടയുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതായി അതോറിറ്റി പറഞ്ഞു. പാകിസ്താനില്‍ പ്രതിമാസം 20 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ടിക് ടോക്കിന് ഉള്ളതെന്ന് അതോറിറ്റി വ്യകതമാക്കി.
എന്നാല്‍ ചൈനയില്‍ നിന്നുള്ള സമ്മര്‍ദ്ദഫലമായാണ് നിരോധനം നീക്കിയത് എന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്. പാകിസ്താനുമായി നയതന്ത്ര തലത്തില്‍ ഏറ്റവും കൂടുതല്‍ സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. സാമൂഹിക, സാമ്പത്തിക, വികസന രംഗങ്ങളില്‍ ചൈനയുടെ വലിയ സഹായം പാകിസ്താന് ലഭിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയ്ക്ക് (CPEC-സിപെക്) പ്രാധാന്യം നല്‍കിക്കൊണ്ടാണ് പാകിസ്താന്‍ നിരോധനം പിന്‍വലിച്ചിരിക്കുന്നത് എന്നും പറയപെടുന്നു. നേരത്തേ നിയമവിരുദ്ധവും അധാര്‍മ്മികവും ആയ ഉള്ളടക്കം നിയന്ത്രിക്കുന്നതിനു ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ ടിക് ടോക് നിരോധിച്ചത്.
