കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി

2016 ഏപ്രിലില്‍ പാകിസ്താന്‍ അറസ്റ്റ് ചെയ്ത ശേഷം 2017 ഏപ്രിലില്‍ ജാദവിന് സൈനികകോടതി വധശിക്ഷ വിധിച്ചിരുന്നു

Update: 2019-09-02 00:58 GMT

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മുന്‍ നാവികസേനാ ഓഫിസര്‍ കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താന്റെ അനുമതി. തിങ്കളാഴ്ച കുടിക്കാഴ്ച നടത്താനാണു സമയം അനുവദിച്ചതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യുടെ ഉത്തരവിനെയും വിയന്ന ഉടമ്പടിയെയും തുടര്‍ന്നാണ് തീരുമാനമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല.

    2017 ഏപ്രിലില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന് പാകിസ്താനോട് ഇന്ത്യ അവസാനമായി ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് നല്‍കിയത്. കോടതി ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യം ജാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാകിസ്താന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വ്യവസ്ഥകള്‍ അംഗീകരിക്കാനാവാത്തതാണെന്നു പറഞ്ഞ് ഇന്ത്യ നിരസിക്കുകയായിരുന്നു. ഒരു പാക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ചയാവാമെന്നും മുറിയില്‍ സിസിടിവി കാമറ സ്ഥാപിക്കണമെന്നുമായിരുന്നു പാകിസ്താന്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍.

    2016 ഏപ്രിലില്‍ പാകിസ്താന്‍ അറസ്റ്റ് ചെയ്ത ശേഷം 2017 ഏപ്രിലില്‍ ജാദവിന് സൈനികകോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്നാണ് ഹേഗിലെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യയ കോടതിയെ സമീപിച്ചത്. 2019 ജൂലൈ 17ന് കേസ് പരിഗണിച്ച കോടതി വധശിക്ഷ തടയുകയും നയതന്ത്ര സഹായം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിട്ടയയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നില്ല.




Tags:    

Similar News