അല്‍ ഖുദ്‌സ് വിമാനത്താവളം തുറക്കണം: ഇസ്രായേലിനോട് ഫലസ്തീന്‍

അല്‍ഖുദ്‌സ് വിമാനത്താവളം ഇതിനകം സജ്ജമാണെന്നും ഫലസ്തീനികള്‍ക്ക് ഇത് ഓപറേറ്റ് ചെയ്യാന്‍ കഴിയുമെന്നും മുഹമ്മദ് ഷതയ്യ ചൂണ്ടിക്കാട്ടി.

Update: 2022-08-25 17:36 GMT

റാമല്ല: ഫലസ്തീനികള്‍ക്കുള്ള യാത്ര സുഗമമാക്കണമെങ്കില്‍ അല്‍ഖുദ്‌സ് വിമാനത്താവളം തുറക്കണമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രധാനമന്ത്രി ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ സഫ റിപോര്‍ട്ട് ചെയ്തു.അധിനിവേശ രാജ്യം ഈ ആഴ്ച തെക്കന്‍ ഇസ്രായേലിലെ എയ്‌ലാറ്റിനടുത്തുള്ള റാമൂന്‍ വിമാനത്താവളം വിദേശത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന ഫലസ്തീന്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തിരുന്നു.

അല്‍ഖുദ്‌സ് വിമാനത്താവളം ഇതിനകം സജ്ജമാണെന്നും ഫലസ്തീനികള്‍ക്ക് ഇത് ഓപറേറ്റ് ചെയ്യാന്‍ കഴിയുമെന്നും മുഹമ്മദ് ഷതയ്യ ചൂണ്ടിക്കാട്ടി. കലാന്തിയ എന്നും പേരിലും അറിയപ്പെടുന്ന, 1920ല്‍ ഫലസ്തീനിലെ ബ്രിട്ടീഷ് അധിനിവേശകാലത്ത് സ്ഥാപിതമായ ഈ വിമാനത്താവളം സൈനിക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്.

1948 മുതല്‍ 1967 വരെ വെസ്റ്റ് ബാങ്ക് ജോര്‍ദാന്‍ ഭരിച്ചിരുന്ന കാലത്ത് ഇത് ഒരു സിവിലിയന്‍ വിമാനത്താവളമാക്കി മാറ്റി. ഇസ്രായേല്‍ അധിനിവേശത്തിനു പിന്നാലെ വിനോദസഞ്ചാരത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഇത് രൂപാന്തരപ്പെടുത്തുകയും പിന്നീട് ഇത് അടച്ചുപൂട്ടുകയുമായിരുന്നു. ഇപ്പോള്‍ അത് കുടിയേറ്റ പദ്ധതികള്‍ക്കായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ ഭരണകൂടം.

ഫലസ്തീന്‍ യാത്രക്കാര്‍ റാമൂന് വിമാനത്താവളം ഉപയോഗിക്കുകയാണെങ്കില്‍ അമ്മാനിലെ ക്വീന്‍ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശത്തേക്ക് പറക്കാന്‍ രാജ്യത്തേക്ക് കടക്കുന്നവരുടെ എണ്ണം കുറയുമെന്ന് ജോര്‍ദാന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദക്ഷിണ ജോര്‍ദാന്‍ താഴ്‌വരയിലെ അല്‍റമ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ ജോര്‍ദാനിയന്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്ത് സംസാരിക്കവെ ജോര്‍ദാന്‍-ഫലസ്തീന്‍ ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്ക് ഫലസ്തീന്‍ പങ്കാളിയാകില്ലെന്ന് ഷതയ്യ വ്യക്തമാക്കിയിരുന്നു.

Tags: