മലപ്പുറം എസ്പിയെ വിടാതെ അന്‍വര്‍ എംഎല്‍എ; 'ചെങ്കുട'യുമായി വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം

Update: 2024-08-30 08:49 GMT

മലപ്പുറം: മലപ്പുറം എസ്പിക്കെതിരേ അസാധാരണ സമരവുമായി സിപിഎം എംഎല്‍എ പി വി അന്‍വര്‍. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുന്നത്. ചുവപ്പ് നിറത്തിലുള്ള കുടയുമായാണ് സമരം നടത്തിയത്. അരലക്ഷത്തിലേറെ രൂപ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ തന്നെ നല്‍കിയ പരാതിയിലെ നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി കിട്ടിയില്ലെന്ന് ആരോപിച്ചാണ് സമരം.

    എസ്പി ഓഫിസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക, പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരേ നടപടി സ്വീകരിക്കുക, പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നില്ലെങ്കില്‍ എടക്കര പോലിസ് സ്‌റ്റേഷന് നാലു വര്‍ഷം മുമ്പ് ജനങ്ങള്‍ ദാനമായി നല്‍കി 50 സെന്റ് സ്ഥലം ഉടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ നടപടിയെടുക്കുക, ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. ഇതുസംബന്ധിച്ച പ്ലക്കാര്‍ഡുകളും സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്.

    ലൈഫ് പദ്ധതി അട്ടിമറിച്ചു, വാര്‍ത്ത ചോര്‍ത്തി, മരം മുറിച്ചു എന്നിങ്ങനെ വിവിധ വിഷയങ്ങളിലായാണ് പ്രതിഷേധമെന്ന് പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ മരം മുറിച്ചിട്ടുണ്ടോയെന്ന് നോക്കാനാണ് എത്തിയത്. എന്നാല്‍, അതിന് അനുവദിച്ചില്ല. അപ്പോള്‍ ഇങ്ങനെ സമരം നടത്താതെ വെറെ വഴിയില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരേ ഇനി പരാതി നല്‍കാനില്ലെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    അതീവ രഹസ്യമായ പോലിസിന്റെ വയര്‍ലസ് സന്ദേശം ചോര്‍ത്തി പ്രക്ഷേപണം ചെയ്ത മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയില്‍ നിന്നു രണ്ടുകോടി കൈക്കൂലി വാങ്ങി പ്രതിയെ രക്ഷിച്ച എഡിജിപി എം ആര്‍ അജിത് കുമാറിനെ സസ്‌പെന്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. എസ്പിയുടെ ഔദ്യോഗിക വസതിയില്‍ നിന്നു മരം മുറിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ പി വി അന്‍വര്‍ എംഎല്‍എയെ ഇന്നലെ പോലിസ് തടഞ്ഞിരുന്നു. പാറാവ് ഡ്യൂട്ടിയില്‍ നിന്ന പോലിസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയെ വസതിയിലേക്ക് കടത്തിവിട്ടില്ല. നേരത്തേ മലപ്പുറത്ത് പോലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പി വി അന്‍വര്‍ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു.

Tags: