വംശീയ അധിക്ഷേപം ലീഗിന്റെ ശൈലി അല്ല; പി കെ ബഷീറിന് താക്കീത്

Update: 2022-06-24 06:54 GMT

മലപ്പുറം: എം എം മണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി കെ ബഷീറിന് താക്കീത്. വംശീയ അധിക്ഷേപം ലീഗിന്റെ ശൈലി അല്ലെന്ന് ലീഗ് അധ്യക്ഷന്‍ സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ സൂക്ഷ്മത പാലിക്കണം. നേതാക്കള്‍ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് പോകരുത്. സഹിഷ്ണുത പുലര്‍ത്തണം. നിറത്തിന്റെ പേരില്‍ ആരെയും അധിക്ഷേപിക്കുന്നത് ശരിയല്ല. ആദരവ് പുലര്‍ത്തി മാത്രമേ സംസാരിക്കാവു. ഇതിനായി പ്രാസംഗികര്‍ക്കായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സാദിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു.

നിറത്തിന്റെ പേരിലാണ് എം എം മണിയെ ഏറനാട് എംഎല്‍എ പി കെ ബഷീര്‍ അധിക്ഷേപിച്ചത്. കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി എം എം മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു പി കെ ബഷീറിന്റെ പരിഹാസം. സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു വിവാദ പ്രസംഗം. എം എം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്ന് പി കെ ബഷീര്‍ എംഎല്‍എ പരിഹസിച്ചിരുന്നു.