സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടന്നിരുന്നു; എംവി ഗോവിന്ദനെ തള്ളി പി ജയരാജന്‍
ചർച്ചയ്ക്ക് ശേഷവും കണ്ണൂര്‍ ജില്ലയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രണ്ട് സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയത്.
കണ്ണൂര്‍: യോഗാ ഗുരു ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎമ്മും ആര്‍എസ്എസും ചര്‍ച്ച നടത്തിയിരുന്നതായും അത് സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും സിപിഎം നേതാവ് പി ജയരാജന്‍. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതിനെ തള്ളിയാണ് പി ജയരാജൻ രംഗത്തുവന്നിരിക്കുന്നത്.
തന്റെ സാന്നിധ്യത്തില്‍ സിപിഎം-ആര്‍എസ്എസ് ചര്‍ച്ച നടന്നുവെന്ന് കഴിഞ്ഞ ദിവസം ശ്രീ എമ്മും വെളിപ്പെടുത്തിയിരുന്നു. ചർച്ചയ്ക്ക് ശേഷവും കണ്ണൂര്‍ ജില്ലയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. കേരളത്തിലാണെങ്കില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് രണ്ട് സിപിഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയത്. അതിനാല്‍ തന്നെ സിപിഎംനോടുളള ആര്‍എസ്എസ് നിലപാട് വ്യക്തമാണെന്ന് ജയരാജൻ പറയുന്നു.
പി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് ചർച്ച നടത്തിയതെന്ന് ശ്രീ എം പറഞ്ഞിരുന്നു. സമാധാന ചർച്ചാ നീക്കത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ ഡൽഹിയിൽ വച്ച് കാണുകയും ചർച്ചയ്ക്ക് താൻ മുന്‍കൈ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അങ്ങനെയാണ് കേരളത്തില്‍ ഇരു വിഭാഗങ്ങളിലുള്ള നേതാക്കളുമായും ബന്ധപ്പെടുന്നതെന്നാണ് ശ്രീ എം വെളിപ്പെടുത്തിയത്.
അതേസമയം പി ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത് ആര്‍എസ്എസ് നിര്‍ദേശ പ്രകാരം ആയിരുന്നുവെന്നു കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ ഗുരുവായ ശ്രീ എമ്മിന്റെ മാധ്യസ്ഥതയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയില്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനു ശേഷവും കൊലപാതകം നടന്നപ്പോള്‍ ജയരാജനെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റണമെന്ന നിര്‍ദേശം ആര്‍എസ്എസ് മുന്നോട്ടു വെച്ചെന്നാണ് ആരോപണം.
