ചിദംബരത്തിന്റെ വീട്ടില്‍ മൂന്നാമതും സിബിഐ സംഘമെത്തി

സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് ചിദംബരത്തിന്റെ അഭിഭാഷകന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു

Update: 2019-08-21 04:01 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ അറസ്റ്റ് ഭീഷണി നേരിടുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തെ തേടി സിബിഐ സംഘം വീണ്ടും അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബുധനാഴ്ച രാവിലെയാണ് സിബിഐ സംഘം വീണ്ടുമെത്തിയത്. അല്‍പസമയം അവിടെ തങ്ങിയ ശേഷം ചിദംബരം വീട്ടിലില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും മടങ്ങുകയായിരുന്നു. അതേസമയം, സുപ്രിംകോടതിയുടെ തീരുമാനം വരുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നാവശ്യപ്പെട്ട് ചിദംബരത്തിന്റെ അഭിഭാഷകന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കത്ത് കൈമാറിയതിനു ശേഷമാണ് മൂന്നാം തവണയും ഡല്‍ഹിയിലെ ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ സംഘമെത്തിയത്.

  


കേസില്‍ രണ്ട് മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാവണണെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി നോട്ടീസ് പതിച്ചിരുന്നു. ഇതിനെതിരേയാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ കക്ഷി രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകനായ അര്‍ഷദീപ് ഖുഖാന വ്യക്തമാക്കി. അതിനിടെ, ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ നല്‍കിയ അടിയന്തര ഹര്‍ജി ഇന്ന് രാവിലെ 10.30ന് ഹാജരാക്കാന്‍ സുപ്രിംകോടതി ചിദംബരത്തിന് അനുമതി നല്‍കിയിരുന്നു. സുപ്രിംകോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കത്തിലെ പ്രധാന ആവശ്യം. ചിദംബരത്തിന്റെ ഡല്‍ഹിയിലെ വീട്ടില്‍ ചൊവ്വാഴ്ച വൈകീട്ടാണ് ആറംഗ സിബിഐ സംഘവും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും എത്തിയത്. ഈസമയം ചിദംബരം വീട്ടിലില്ലാത്തതിനെ തുടര്‍ന്ന് സംഘം മടങ്ങി. തുടര്‍ന്ന് വീണ്ടുമെത്തി നോട്ടീസ് പതിക്കുകയും ബുധനാഴ്ച അതിരാവിലെ തന്നെയെത്തുകയുമായിരുന്നു.


Tags:    

Similar News