പൂഞ്ഞാര്‍ ബഹിഷ്‌കരിച്ചു; മുസ്‌ലിംകള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്

Update: 2019-06-12 15:09 GMT

കോട്ടയം: മുസ്‌ലിംകള്‍ക്കെതിരായ വിവാദപരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് പി സി ജോര്‍ജ് എംഎല്‍എ. പി സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരമര്‍ശത്തിനെതിരേ മുസ്‌ലിം സമുദായത്തില്‍ നിന്നും പ്രതിഷേധം ശക്തമാവുകയും ജോര്‍ജിനെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തതോടെയാണ് അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.


 എന്റേതായി പ്രചരിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തയാള്‍ എന്നെ നിരവധി തവണ വിളിക്കുകയും പല പ്രാവിശ്യമായി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമുണ്ടായി. എന്നാല്‍, പ്രസ്തുത സംഭാഷണത്തില്‍ വന്നിട്ടുള്ള കാര്യങ്ങള്‍ എന്നെ സ്‌നേഹിക്കുന്ന ഇസ്‌ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തില്‍ എന്റെ സഹോദരങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പ്രസ്താവനയില്‍ പറയുന്നത്.

നേരത്തെ, മതവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പി സി ജോര്‍ജിനെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പി സി ജോര്‍ജിന്റെ പ്രസ്താവനയെന്നു ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് പി സി ജോര്‍ജിനെതിരേ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് പി സി ജോര്‍ജിന്റെ മാപ്പു പറച്ചില്‍.

Similar News