13ാം തവണ പീഡിപ്പിച്ച പിറ്റേന്ന് കന്യാസ്ത്രീ ഫ്രാങ്കോ പിതാവിന് ചിക്കൻ വിളമ്പി;ഇരയായ കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി സി ജോർജ്

Update: 2022-11-17 15:31 GMT

കോട്ടയം : ഫ്രാങ്കോ കേസിലെ ഇരയായ കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പി സി ജോർജ്. 12 പ്രാവശ്യം ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ആരോപണം ഉന്നയിച്ച കന്യാസ്ത്രീ നോക്കി നിൽക്കുകയായിരുന്നോ എന്നായിരുന്നു പിസി ജോർജിന്റെ ആക്ഷേപം. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പിസി പ്രസ്താവന നടത്തിയത്.

'എന്റെ ഭാര്യയും സഹോദരിമാരും മരുക്കളും കൊച്ചുമകളുമൊക്കെ സ്ത്രീകളല്ലേ? ഒരു കുറ്റവും എന്റെ പേരിൽ കാണിക്കാനില്ല, അപ്പോൾ സ്ത്രീ വിരുദ്ധനാക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലീം വിരുദ്ധനാക്കി,എന്നെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചു, ഇതൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഞാൻ സ്ത്രീ വിരുദ്ധനല്ല, എന്ന് വെച്ച് സ്ത്രീ ദൈവമാണെന്ന് പറഞ്ഞ് നടക്കാനും ഇല്ല.സ്ത്രീയും പുരുഷനും ഇല്ലാതെ സമൂഹം ഇല്ല'.

'ഫ്രാങ്കോ കേസിൽ ഞാൻ പറഞ്ഞത് ശരിയാണെന്ന് കോടതി പറഞ്ഞപ്പോൾ തെളിഞ്ഞില്ലേ.പച്ചക്ക് ഞാൻ പറയാം, ആ കേസ് കളവാണ് ഫ്രാങ്കോ നിരപരാധിയാണെന്ന് ഞാൻ പറഞ്ഞു, എന്ത് കൊണ്ട് പറഞ്ഞു? ഫ്രാങ്കോ കേസിൽ 12 പ്രാവശ്യം ബലാത്സംഗം ചെയ്തു ,13ാമത്തെ പ്രാവശ്യമാണ് പരാതി. അതെന്താ 12 പ്രാവശ്യം നോക്കിയിരിക്കുകയായിരുന്നോ? 13ാമത്തെ തവണ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പറയപ്പെടുന്ന ദിവസത്തിന്റെ പിറ്റേന്ന് ഈ പറയുന്ന കന്യാസ്ത്രീ ഫ്രാങ്കോ പിതാവിന് കോഴിയിറച്ചി വിളമ്പിക്കൊടുത്ത പടം എന്റെടുത്തുണ്ട്'.

ഇവിടെ ക്രിസ്ത്യൻ സമൂഹത്തിനെതിരെ ലോകവ്യാപകമായി വലിയ മൂവ്മെന്റ് നടക്കുന്നുണ്ടെന്നും പിസി ജോർജ് ആരോപിച്ചു.' ഞാൻ പറയുന്നത് സത്യമായ കാര്യങ്ങളാണ്. എനിക്ക് എതെങ്കിലും വിഷയത്തിൽ തെറ്റ് പറ്റിയെന്ന് തോന്നിയാൽ ഞാൻ പരസ്യമായി ക്ഷമ പറയും',പിസി ജോർജ് പറഞ്ഞു.