ഓക്‌സ്ഫഡ് കൊവിഡ് വാക്സിന്‍ പ്രായമായവരിലും ചെറുപ്പക്കാരിലും മികച്ച പ്രതിരോധ ശേഷി ഉണ്ടാക്കുന്നതായി അസ്ട്രസെനെക
പ്രായമായവരില്‍ വാക്സിന്‍ ആന്റിബോഡിയുടെയും ടി സെല്ലിന്റെയും ഉല്‍പാദനത്തിന് സഹായിക്കുന്നത് കണ്ടെത്തിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
ലണ്ടന്‍: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ പ്രായമായവരിലും ചെറുപ്പക്കാരിലും മികച്ച പ്രതിരോധ ശേഷി ഉണ്ടാക്കുന്നതായി അസ്ട്രസെനെക. പ്രായമായവരില്‍ വാക്സിന്റെ പ്രത്യാഘാതം കുറവായിരുന്നുവെന്നും ബ്രിട്ടീഷ് മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക വ്യക്തമാക്കി. 1.15 ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ലോകമെമ്പാടുമുള്ള സാധാരണ ജീവിതത്തെ അടച്ചുപൂട്ടുകയും ചെയ്ത കൊവിഡ്് എന്ന മഹാമാരിക്കെതിരായി പവര്‍ത്തിക്കുന്ന വാക്‌സിനായി ഇത് കാണപ്പെടുന്നുവെന്നും കമ്പനി വ്യക്തമാക്കി.
പ്രായമായവരില്‍ വാക്സിന്‍ ആന്റിബോഡിയുടെയും ടി സെല്ലിന്റെയും ഉല്‍പാദനത്തിന് സഹായിക്കുന്നത് കണ്ടെത്തിയതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇത് ഉള്‍പ്പടെയുള്ള ആദ്യ ഘട്ടത്തിലെ കണ്ടെത്തലുകള്‍ അധികം വൈകാതെ ഒരു ക്ലിനിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. ജൂലൈയില്‍ പുറത്തിറക്കിയ റിപോര്‍ട്ടില്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിന്‍ മികച്ച പ്രതിരോധ ശേഷി സൃഷ്ടിക്കുന്നതായി റിപോര്‍ട്ട് ചെയ്തിരുന്നു.
നിലവില്‍ വാക്സിന്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണുള്ളത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളിലും വാക്സിന്‍ പരീക്ഷണം വിജയകരമായിരുന്നു. യുകെ, ബ്രസീല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലാണ്. നേരത്തെ യുകെയില്‍ വാക്സിന്‍ പരീക്ഷിച്ചയാള്‍ക്ക് അപ്രതീക്ഷിതമായി രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവെച്ചിരുന്നു.
വാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്ത ബ്രസീലിയന്‍ സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചതായി കഴിഞ്ഞ ആഴ്ച്ച ബ്രസീലിലെ ആരോഗ്യ അതോറിറ്റിയായ അന്‍വിസ അറിയിച്ചിരുന്നു. എന്നാല്‍ ട്രയലില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകന് കൊവിഡ് വാക്സിന്‍ നല്കിയിട്ടില്ലെന്നും മെനിഞ്ചൈറ്റിസ് വാക്സിനാണ് നല്‍കിയതെന്നുമാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്. വാക്സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കകള്‍ ഇല്ലെന്നും ഓക്‌സ്ഫഡ് വ്യക്തമാക്കിയിരുന്നു.
