ജയിലില്‍ തടവുകാരുടെ ബാഹുല്യം: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ലഭ്യമല്ല

Update: 2019-07-30 16:44 GMT

തിരുവനന്തപുരം: ഉള്‍ക്കൊള്ളാവുന്നതിലേറെ തടവുകാരെ ജയിലുകളില്‍ പാര്‍പ്പിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തി ജയില്‍ മേധാവി നാലാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 727 തടവുകാരെ പാര്‍പ്പിക്കാനാണ് സൗകര്യമുള്ളത്. എന്നാല്‍ 1350 തടവുകാരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. തടവുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്. ജയിലില്‍ പകുതിയിലേറെ കാമറകള്‍ തകരാറിലാണ്. ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ലഭ്യമല്ല. പൂജപ്പുര ജയില്‍ വളപ്പില്‍ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിന്‍മേല്‍ ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരമാണ് പരാതിക്കാരനു വിവരങ്ങള്‍ ലഭിച്ചത്. 675 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 200ലേറം തടവുകാര്‍ കൂടുതലാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവനക്കാരുടെ 86ലധികം ഒഴിവുകളുണ്ട്. പത്തനംതിട്ട ജയില്‍ പൊളിച്ചു പണിയുന്നതിനാല്‍ ഇവിടെത്തെ 300ഓളം തടവുകാരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍, കൊട്ടാരക്കര സബ് ജയില്‍ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 60 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന കൊട്ടാരക്കര ജയിലില്‍ തടവുകാരുടെ എണ്ണം ഇതോടെ 150 ആയി. നിര്‍മാണം പുരോഗമിക്കുന്ന ആലപ്പുഴ ജില്ലാ ജയിലിലെ തടവുകാരെ മാവേലിക്കര സബ്ജയിലിലേക്കു മാറ്റി. സെപ്തംബര്‍ 5ന് കേസ് പരിഗണിക്കും.


Tags:    

Similar News