കൊവിഡ്: പകുതിയിലധികം പേർ മരണപ്പെടുന്നത് ദ്വിതീയ അണുബാധ കാരണം; ഞെട്ടിപ്പിക്കുന്ന പഠനവുമായി ഐസിഎംആർ
ബ്ലാക്ക് ഫംഗസ് ഉൾപ്പടെയുളള രോഗങ്ങൾ പിടിപെടുന്നതിനും ആന്‍റിബയോട്ടിക്കുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്.
ന്യൂഡൽഹി: ദ്വിതീയ ബാക്‌ടീരിയയും ഫംഗസ് അണുബാധയും ബാധിച്ചാണ് കൊവിഡ് രോഗികളിൽ പകുതിയിലധികം പേരും മരിക്കുന്നതെന്ന് ഐസിഎംആർ പഠനം. മറ്റൊരു അണുബാധയുടെ ചികിൽസയ്ക്കിടെയോ അതിനുശേഷമോ സംഭവിക്കുന്ന ഒന്നാണ് ദ്വിതീയ അണുബാധ അഥവാ സെക്കന്‍ഡറി ഇൻഫെക്ഷൻ.
ഐസിഎംആർ പഠനത്തിനെടുത്ത 17,534 കൊവിഡ് രോഗികളിൽ 3.6 ശതമാനം പേർക്ക് ദ്വിതീയ ബാക്‌ടീരിയ ഉണ്ടായിരുന്നു. ഇങ്ങനെ അണുബാധയേറ്റവരിൽ പകുതിയിലധികം പേർക്കും ജീവൻ നഷ്‌ടമായി. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ദീർഘകാലം ആശുപത്രി വാസം വേണ്ടി വരുമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ഐസിഎംആറിലെ മുതിർന്ന ശാസ്ത്രജ്ഞർ പറയുന്നത്.
സാധാരണ ആന്‍റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയാത്ത അണുക്കള്‍ ഉള്ളതിനാൽ പല രോഗികൾക്കും ശക്തമായ ആന്‍റിബയോട്ടിക്കുകൾ ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ആന്‍റി ബയോട്ടിക്കുകളുടേയും സൂപ്പർബഗുകളുടേയും അമിത ഉപയോഗം രോഗിയുടെ ആരോഗ്യനില വഷളാക്കാൻ സാദ്ധ്യതയുണ്ടെന്നും കണ്ടെത്തലുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം മാരകമാണെന്ന് ഐസിഎംആർ നടത്തിയ പഠനത്തിൽ വ്യക്തമായി.
മുംബയിലെ സിയോൺ, ഹിന്ദുജ ഉൾപ്പടെ പത്ത് ആശുപത്രികളിലാണ് ഐസിഎംആർ പഠനം നടത്തിയത്. കൊവിഡ് രോഗം ബാധിച്ച പകുതിയിലധം ആളുകൾക്കും കൊവിഡാനന്തര രോഗങ്ങൾ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തിൽ വ്യക്തമായിരിക്കുന്നത്.
കൊവിഡ് പിടിപെടുന്ന രോഗികൾക്ക് സാധാരണ ആന്‍റിബയോട്ടിക്കുകളേക്കൊൾ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കൂവെന്നാണ് കണ്ടെത്തൽ. കൊവിഡ് ബാധിച്ച് ഏറെകാലം ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്ക് മാത്രമേ ഇത്തരം ആന്‍റി ബയോട്ടിക്കുകൾ നൽകാറുള്ളൂ. അന്തരീക്ഷത്തിൽ നിന്നും, പ്രത്യേകിച്ച് ആശുപത്രിയിൽ നിന്നും, അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്.
ബ്ലാക്ക് ഫംഗസ് ഉൾപ്പടെയുളള രോഗങ്ങൾ പിടിപെടുന്നതിനും ആന്‍റിബയോട്ടിക്കുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. ബാക്‌ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്ന് ഐസിഎംആറിലെ ശാസ്‌ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രോഗപ്രതിരോധശേഷി കാരണം ഇത് ശരീരത്തെ കൂടുതൽ ബാധിക്കാറില്ല. പക്ഷേ സ്റ്റിറോയ്‌ഡുകളുടേയും, കാൻസറർ മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇത് മൂലമാണ് കൊവിഡ് രോഗികളുടെ നില വഷളാകുന്നതും കൊവിഡാനന്തര രോഗം പിടിപ്പെടുന്നതുമെന്നാണ് പഠനം.

