താലിബാന് നേരെ അഫ്ഗാന്‍ വ്യോമാക്രമണത്തില്‍ 54 പേർ കൊല്ലപ്പെട്ടു
രാജ്യത്തെ 223 ജില്ലകള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. 68 ജില്ലകളില്‍ മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്.
കാബൂള്‍: അഫ്ഗാന്‍ വ്യോമസേന ആക്രമണത്തില്‍ 54 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടു. രണ്ട് താലിബാന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പ്രവര്‍ത്തകര്‍ക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റിറ്റുണ്ട്. ഹെല്‍മന്ദ് പ്രവിശ്യയിലാണ് അഫ്ഗാന്‍ വ്യോമസേന ബോംബാക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
രണ്ട് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 54 താലിബാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അതിലൊരാള്‍ പാകിസ്താന്‍ പൗരനാണെന്നും പ്രതിരോധ മന്ത്രി ട്വീറ്റില്‍ പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തിന് പിന്നാലെ അഫ്ഗാനില്‍ താലിബാന്‍ മുന്നേറ്റം ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചകളില്‍ മാത്രം തഖ്ഹര്‍ പ്രവിശ്യയടക്കം വടക്ക് കിഴക്കന്‍ അഫ്ഗാനിലെ ഭൂരിപക്ഷം പ്രവിശ്യകളും താലിബാന്റെ നിയന്ത്രണത്തിലാണ്.
രാജ്യത്തെ 223 ജില്ലകള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. 68 ജില്ലകളില്‍ മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളത്. 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 17 എണ്ണവും ഇപ്പോള്‍ പൂര്‍ണമായും താലിബാന്‍ നിയന്ത്രണത്തിലാണ്.