മുംബൈയിലെ ശാഹീന്‍ബാഗ് 14ാം ദിവസത്തിലേക്ക്; സമരം ചെയ്യുന്ന വനിതകള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലിസ്
ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) അസിസ്റ്റന്റ് കമ്മീഷണര്‍ അല്‍ക സസ്സാനെ നല്‍കിയ പരാതിയിലാണ് പോലിസ് നടപടി സ്വീകരിക്കുന്നത്.
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ മുംബൈ ബാഗില്‍ ഷഹീന്‍ ബാഗിന് സമാനമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മുസ്‌ലിം വനിതകള്‍ക്കെതിരേ മുംബൈ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. പ്രതിഷേധം ഞായറാഴ്ച 14ാം ദിവസത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെയാണ് പോലിസ് നടപടി. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) അസിസ്റ്റന്റ് കമ്മീഷണര്‍ അല്‍ക സസ്സാനെ നല്‍കിയ പരാതിയിലാണ് പോലിസ് നടപടി സ്വീകരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 341 പ്രകാരമാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തത്. ഇവരില്‍ 400 ലധികം പേര്‍ക്ക് പോലീസ് നോട്ടിസ് അയച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 149 പ്രകാരം 14 ദിവസം 50 പ്രതിഷേധക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതു കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നടപടിയെടുക്കാന്‍ പോലിസിനെ അധികാരപ്പെടുത്തുന്നു. ജനുവരി 26 രാത്രിയോടെ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോവാന്‍ പ്രതിഷേധക്കാരോട് പോലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ നിരസിച്ചുവെന്ന് ഈ അറിയിപ്പില്‍ പറയുന്നു.
ക്രമസമാധാന ഭംഗമുണ്ടാവുന്ന സാഹചര്യമുണ്ടെങ്കില്‍ നിങ്ങള്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരും. സമരം ഗതാഗതത്തെ ബാധിക്കുന്നതായും പ്രദേശവാസികള്‍ ഇതു മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും നോട്ടീസില്‍ പറയുന്നു. 1888ലെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമത്തിലെ 313, 314 വകുപ്പുകള്‍ പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ചുമത്തിയിട്ടുണ്ട്. ബിഎംസി കമ്മീഷണറുടെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ ഏതെങ്കിലും പൊതു സ്ഥലത്ത് കസേര, ബെഞ്ച്, ബോക്‌സ് അല്ലെങ്കില്‍ മറ്റേതെങ്കിലും വസ്തുക്കള്‍ ഉപയോഗിച്ച് കൈയേറ്റം നടത്തരുതെന്നാണ് 313ാം വകുപ്പ് പറയുന്നത്. മുന്‍കൂട്ടി അറിയിക്കാതെ തന്നെ അത്തരം കയ്യേറ്റം നീക്കംചെയ്യാന്‍ 314ാം വകുപ്പ് അധികൃതര്‍ക്ക് അനുമതി നല്‍കുന്നുണ്ട്.
