ഹിമാചല്‍ പ്രദേശില്‍ ആയിരത്തിലധികം ദേശാടന പക്ഷികള്‍ ചത്ത നിലയില്‍

Update: 2021-01-04 17:12 GMT

കാന്‍ഗ്ര: ഹിമാചല്‍ പ്രദേശില്‍ ആയിരത്തിലധികം ദേശാടന പക്ഷികള്‍ ചത്ത നിലയില്‍. പോങ്ഡാം തടാകത്തിലും പരിസരത്തുമായി 1,700 ഓളം വരുന്ന പക്ഷികളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. വിവിധ ഇടങ്ങളില്‍ നിന്നായി 15ഓളം സാംപിളുകള്‍ എടുത്ത് അവ ഉത്തര്‍പ്രദേശ് ബറേലിയിലെ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ജലന്ധറിലെയും ഭോപ്പാലിലെയും മൃഗങ്ങളിലെ രോഗം കണ്ടെത്തുന്ന മറ്റ് രണ്ട് ലബോറട്ടറികളിലേക്കും അയച്ചു.

ഈ പ്രദേശത്തെ ടൂറിസം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. പക്ഷിപ്പനി പടരാനുള്ള സാധ്യതയ്ക്കെതിരായ മുന്‍കരുതല്‍ നടപടിയായി ജില്ലയുടെ ചില ഭാഗങ്ങളില്‍ കോഴി വില്‍പ്പനയും വാങ്ങലും നിരോധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങള്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ കണ്ടെത്തി.

പക്ഷിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ടെസ്റ്റ് റിസല്‍ട്ട് വരുന്നതു വരെ ഒന്നും പറയാന്‍ കഴിയില്ലെന്ന് വനംവകുപ്പ് പറഞ്ഞു. സൈബീരിയയില്‍ നിന്നും മംഗോളിയയില്‍ നിന്നും എത്തിയ പക്ഷികളാണ് ഇവ. ചത്തവരില്‍ 95 ശതമാനവും ഒരു പ്രത്യേക തരത്തിലുള്ള വാത്തയാണ്. ഏകദേശം 1.20 ലക്ഷം പക്ഷികളാണ് മഞ്ഞുകാലത്ത് പോങ് ഡാമിലെത്തുക. അടുത്ത നാല് മാസത്തോലം പക്ഷികള്‍ ഇവിടെയാവും കഴിയുക.

കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ റിസര്‍വോയറിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും പോകാന്‍ അനുവദിക്കരുതെന്ന് കാന്‍ഗ്ര ജില്ലാ മജിസ്ട്രേറ്റ് രാകേഷ് കുമാര്‍ ഉത്തരവിട്ടു. സംഭവം നിരീക്ഷിക്കുന്നതിനായി ജലാശയത്തിന് ചുറ്റും ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള ഒരു നിരീക്ഷണ മേഖലയും സ്ഥാപിച്ചിട്ടുണ്ട്.

ജില്ലയിലെ ഫത്തേപൂര്‍, ഡെഹ്‌റ, ജവാലി, ഇന്തോറ ഉപവിഭാഗങ്ങളില്‍ ഏതെങ്കിലും കോഴി, പക്ഷികള്‍, ഏതെങ്കിലും ഇനത്തിലെ മത്സ്യങ്ങള്‍, മുട്ട, മാംസം, ചിക്കന്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള അറുക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും കയറ്റുമതി ചയ്യുന്നതും നിരോധിച്ചു.ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സയുടെ എച്ച് 5 എന്‍ 8 കേസുകള്‍ അലപ്പുഴയിലും കോട്ടയത്തും കണ്ടെത്തിയതായി ഇന്ന് കേരള ക്കാര്‍ സ്ഥിരീകരിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ 12,000 താറാവുകളാണ് ചത്തത്. അതേസമയം, രാജസ്ഥാനില്‍ കൂട്ടത്തോടെ കാക്കകള്‍ ചത്തൊടുങ്ങിരുന്നു.ജലവാര്‍ ജില്ലയിലും ജയ്പൂര്‍ ഉള്‍പ്പെടെ നിരവധി നഗരങ്ങളിലും ചത്ത കാക്കകളില്‍ വൈറസ് സ്ഥിരീകരിച്ചു.രാജസ്ഥാനു പിന്നാലെ മധ്യപ്രദേശിലും കാക്കകള്‍ കൂട്ടത്തോടെ ചത്തിരുന്നു.