ഗസ യുദ്ധം അവസാനിപ്പിക്കണം; ഇസ്രായേല്‍ സര്‍ക്കാരിന് 1400ലേറെ അക്കാദമിസ്റ്റുകളുടെ നിവേദനം

Update: 2024-05-22 13:48 GMT

ജെറുസലേം: ഗസയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ 1400 ലധികം വരുന്ന അക്കാദമിക വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക വിദഗ്ധരും ഭരണ മേധാവികളുമാണ് ഫലസ്തീന്‍ അധീനതയില്‍ കഴിയുന്ന ബന്ദികളുടെ സുരക്ഷിതമായ മോചനത്തിനായി ഇസ്രായേല്‍, ഗസയില്‍ തുടരുന്ന യുദ്ധം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഗവണ്മെന്റിന് നിവേദനം നല്‍കിയിരിക്കുന്നത്. യുദ്ധവിരാമവും ബന്ദികളുടെ സുരക്ഷിത മോചനവും ഇസ്രായേലിന്റെ താല്‍പ്പര്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന ധാര്‍മികമായ അനിവാര്യതയാണെന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു. 'യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ തിരിച്ചുവരവ് ഉറപ്പുവരുത്താനും ഇസ്രായേല്‍ സര്‍ക്കാരിനോടുള്ള ആഹ്വാനം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അക്കാദമിക വിദഗ്ധര്‍ പ്രസ്തുത നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്.

    'സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നതോടൊപ്പം, യാഥാര്‍ഥ്യബോധമില്ലാതെയും പര്യവസാനമില്ലാതെയും ഭരണ നേതൃത്വത്തിന്റെ രാഷ്ട്രീയ അതിജീവനമെന്ന ഒറ്റ ലക്ഷ്യത്തിലൊതുങ്ങിയും യുദ്ധം തുടരുന്നതിന് ഗവണ്മെന്റിന് അവകാശമില്ല ' എന്നും നിവേദനത്തില്‍ ഒപ്പുവച്ചവര്‍ അടിവരയിടുന്നു. ഇസ്രായേലിന്റെ പ്രതിരോധമെന്ന പ്രാഥമികമായ ഉദ്ദേശ്യം ഇതിനകം ഉപയോഗശൂന്യമായി കഴിഞ്ഞ ഒന്നാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. യുദ്ധത്തിനെതിരേയും ഇസ്രായേല്‍ ഗവണ്മെന്റിനെതിരേയും രാജ്യത്തിനകത്തും പുറത്തും ഒട്ടനവധി ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പലതും ഇപ്പോഴും തുടരുന്നുമുണ്ട്. സമീപകാലത്തൊന്നും തന്നെ ആഗോളതലത്തില്‍ ഇത്രമാത്രം ജനപിന്തുണയുള്ള യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ക്ക് ലോക നഗരങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ല. അതേയവസരം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും യുദ്ധമന്ത്രി യോവ് ഗാലന്റിനുമെതിരേ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ അതിക്രമങ്ങള്‍ക്കും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്റെ ആവശ്യം ഇസ്രായേലിനെയും സഖ്യകക്ഷികളെയും അല്‍പ്പമൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്. ഇസ്രായേലിന്റെ അധിനിവേശ ആക്രമണങ്ങളെ പ്രതിരോധിച്ചതിന്റെയും തിരിച്ചടി നല്‍കിയതിന്റെയും പേരില്‍ ഹമാസ് നേതാക്കള്‍ക്കെതിരേയും വാറന്റ് വേണമെന്ന ഐസിസി ചീഫ് പ്രോസിക്യൂട്ടറുടെ ആവശ്യം യുക്തിരഹിതവും നീതിശൂന്യവുമാണെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേലിനെതിരേ ദക്ഷിണാഫ്രിക്ക നല്‍കിയ കേസിന്റെ വിചാരണ നടപടികള്‍ തുടരുന്ന ഘട്ടത്തിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഇടപെടലെന്നതും ശ്രദ്ധേയമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഭരണാധികാരികളെ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്ത് ശിക്ഷിച്ച വിരലിലെണ്ണാവുന്ന ഉദാഹരണങ്ങള്‍ മാത്രമാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നടപടികള്‍ കൊണ്ട് ഫലമുണ്ടായിട്ടുള്ളതായി നമ്മുടെ മുമ്പിലുള്ളത്. വന്‍ശക്തികളെയോ അവരുടെ തോഴന്മാരെയോ തൊടുക പോലും ചെയ്ത ചരിത്രമില്ലാത്ത ഐസിസി നീക്കം താല്‍ക്കാലികവും പ്രത്യാഘാതം കുറഞ്ഞതുമായ ഒരു നയതന്ത്ര പ്രഹരം സയണിസ്റ്റ് രാഷ്ട്രത്തിന് ഏല്‍പ്പിച്ചേക്കാം എന്നതു മാത്രമാണ് ഇപ്പോഴത്തെ നീക്കം കൊണ്ട് സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍, സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്ക് വിധേയമാവേണ്ട ഐസിസിയുടെ ഇടപെടല്‍ ഗസയിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രായേലിനെ അടിയന്തരമായി തടയുന്നതിനും ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് സത്വര പരിഹാരം കാണുന്നതിനും പര്യാപ്തമല്ലെന്ന യാഥാര്‍ഥ്യവും നാം തിരിച്ചറിയേണ്ടതുണ്ട്.

Tags: