ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ 'മുക്കി' ഡല്‍ഹി സര്‍ക്കാര്‍

തങ്ങള്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ ഏപ്രില്‍ 18നും 24നും ഇടയില്‍ 3,096 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ 1,938 മരണങ്ങളാണുള്ളത്.

Update: 2021-04-27 07:24 GMT

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ആയിരത്തില്‍ അധികം ആളുകളുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് റിപോര്‍ട്ട്. തങ്ങള്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ ഏപ്രില്‍ 18നും 24നും ഇടയില്‍ 3,096 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ 1,938 മരണങ്ങളാണുള്ളത്.

1,158 കോവിഡ് മരണങ്ങള്‍ ചേര്‍ത്തിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രികളില്‍ മരിച്ചവരെ മാത്രമാണ് ഡല്‍ഹി കോര്‍പറേഷന്‍ കോവിഡ് മരണങ്ങളായി കണക്കാക്കുന്നത്.

വീടുകളില്‍ വെച്ച് മരിച്ചവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഘാസിപ്പൂര്‍ ക്രിമിറ്റോറിയം അധികൃതര്‍ വ്യക്തമാക്കുന്നു. ആംബുലന്‍സുകളിലും മറ്റു വാഹനങ്ങളിലുമായി മൃതദേഹങ്ങള്‍ എത്തിക്കാറുണ്ട്. ആശുപത്രികളില്‍ നിന്ന് വരുന്നവ കൊവിഡ് മരണങ്ങളാണെന്ന് ഉറപ്പിക്കും. മറ്റുള്ളവ അങ്ങനെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് കണക്കില്‍ രേഖപ്പെടുത്താറില്ലെന്നുമാണ് അധികൃതരുടെ ഭാഷ്യം.

ഇതനുസരിച്ച്, ഡല്‍ഹി കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയും കണക്കിന് പുറത്താണ് സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ദിവസങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നുമുള്ള റിപോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

Tags:    

Similar News